പുതുവര്‍ഷത്തെ വരവേറ്റ് ലോകം

Update: 2021-12-31 18:35 GMT

ഓക്‌സ്‌ലാന്‍ഡ്: പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു. പസഫിക് സമുദ്രത്തിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ സമീപ ദ്വീപായ സമോവ, ക്രിസ്മസ് ദ്വീപ്, കിരിബാത്തി എന്നിവിടങ്ങളിലും. ന്യൂസിലന്‍ഡിലെ പ്രധാന നഗരമായ ഓക്‌സ്‌ലാന്‍ഡിലെ ദ്വീപാണ് ക്രിസ്മസ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.

ഓക്‌സ്‌ലന്‍ഡില്‍ കരിമരുന്നു പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. ആസ്‌ത്രേലിയയിലാണ് അതിനുശേഷം പുതുവര്‍ഷമെത്തിയത്. സിഡ്‌നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും വെടിക്കെട്ട് നടത്തിയാണ് പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. പിന്നീട് ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷമെത്തിയത്. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

അമേരിക്കക്ക് സമീപമുള്ള ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകളിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് അവസാനം 2022നെ വരവേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം ജനുവരി 1ന് വൈകുന്നേരം 5.30നാണ് ഇവിടങ്ങളില്‍ 2022 പിറക്കുന്നത്. ഇത്തവണയും കൊവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇന്ത്യയിലെ പുതുവല്‍സരാഘോഷങ്ങള്‍. പല സംസ്ഥാനങ്ങളിലും പുതുവര്‍ഷ രാവില്‍ ഒത്തുകൂടുന്നതിന് നിരോധനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News