കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ചു; ചികില്‍സപ്പിഴവെന്ന് പരാതി
എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരണപ്പെട്ടത്.
കോഴിക്കോട്: ഉള്ള്യേരിക്കു സമീപം എകരൂലില്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരണപ്പെട്ടു. ചികില്‍സപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കുഞ്ഞിന്റെ മരണം. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരണപ്പെട്ടു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചത്. പ്രസവ വേദന ഇല്ലാത്തതിനാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവിച്ചില്ല. സിസേറിയന്‍ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും ആവശ്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് ഗര്‍ഭപാത്രം തകര്‍ന്ന് കുട്ടി മരണപ്പെട്ടതായും ഗര്‍ഭപാത്രം ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ മാതാവിന്റെ ജീവനും അപകടത്തിലാവുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കംചെയ്തു. ആരോഗ്യനില കൂടുതല്‍ മോശമായതിനാല്‍ അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇവിടെനിന്നാണ് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച വൈകീട്ടോടെ അശ്വതിയും മരണപ്പെട്ടു.
മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം സംസ്‌കരിച്ചു.
എന്നാല്‍, കുഞ്ഞിന് 37 ആഴ്ച വളര്‍ച്ചയുണ്ടായിരുന്നുവെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാലാണ് അശ്വതിയെ ആശുപത്രിയിലെത്തിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലായതിനാല്‍ സാധാരണ പ്രസവം നടക്കുമെന്നാണ് കരുതിയത്. ഇതിനിടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനാലാണ് സിസേറിയനുവേണ്ടി തിയേറ്ററിലേക്ക് മാറ്റിയത്. വയറ് തുറന്നപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ഗര്‍ഭപാത്രം തകര്‍ന്നിരുന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു. രക്തസ്രാവം കടുത്തതിനാലാണ് അശ്വതിയുടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. എഗ്മോ സംവിധാനം ആവശ്യമുള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
അശ്വതിയുടെ പിതാവ്: സുധാകരന്‍. മാതാവ്: രത്‌നകുമാരി. മകന്‍: ധ്യാന്‍. സഹോദരി: അമൃത.