ആശുപത്രിയില്‍ കയറിയിറങ്ങിയത് മണിക്കൂറുകള്‍; യുപിയില്‍ ചികില്‍സ കിട്ടാതെ കുഞ്ഞ് മരിച്ചു
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ചികില്‍സ കിട്ടാത്തതിനെ തുടര്‍ന്ന് നാലു ദിവസം പ്രയമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിനു ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാന്‍ വിസ്സമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം അവിടെ കാത്തുനിന്നു രക്ഷിതാക്കള്‍.
ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ശ്വാസതടസ്സം നേരിട്ട കുട്ടിയുമായി മാതാപിതാക്കള്‍ ആദ്യം കൊണ്ട്‌പോയത് പുരുഷന്മാരുടെ വിഭാഗത്തിലുള്ള ഡോക്ടറെടുത്തായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കുഞ്ഞിനെ അവിടെവച്ച് പരിശോധിക്കാന്‍ വിസമ്മതിച്ചു. ഇവിടെ നിന്നും വനിതകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. വനിതകളുടെ ആശുപത്രിയിലെത്തിയപ്പോള്‍ കിടക്കാന്‍ ബെഡില്ലെന്ന് പറഞ്ഞ് വീണ്ടും പുരുഷന്മാരുടെ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതിനിടെ ശ്വാസതടസ്സം മൂര്‍ച്ഛിച്ച് കുട്ടി മരിക്കുകയായിരുന്നു. മണിക്കൂകളോളമാണ് ആശുപത്രി അധികൃതര്‍ തങ്ങളെ ചുറ്റിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. ഒരു വിഭാഗത്തില്‍ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് കുഞ്ഞിനെകൊണ്ടുപോവാന്‍ ആശുപത്രി അധികൃതര്‍ നല്‍കിയ കുറിപ്പും പുറത്തുവന്നു. സംഭവം വിവാദമായതോടെ ഇരു വിഭാഗ അധികൃതരും പരസ്പരം പഴിചാരി രംഗത്തെത്തി. സംഭവം വിവാദമായതിനെ തുടര്‍ന്നു പുരുഷ വിഭാഗത്തിലെ സൂപ്രണ്ടുമാര സസ്‌പെന്റ് ചെയ്തു. അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് അറിയിച്ചു.