കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ദേശീപാത അതോറിറ്റിയും സര്‍ക്കാരും പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ എംഎല്‍മാരും ഇതിനായി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രവൃത്തി പൂര്‍ത്തീകരിച്ച വെള്ളികുളങ്ങര ഒഞ്ചിയം കണ്ണൂക്കര മാടക്കര റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എംഎല്‍എ കെ.കെ രമ അധ്യക്ഷത വഹിച്ചു.
ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും ഓവുചാലുകള്‍ നിര്‍മ്മിച്ചും ബിഎം ആന്‍ഡ് ബിസി ഉപരിതലത്തോടുകൂടിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മുന്നറിയിപ്പ് ബോര്‍ഡുകളും റോഡ് മാര്‍ക്കിങ്ങുകളും മറ്റ് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 5.86 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പൂര്‍ത്തിയാക്കിയത്.
തീരദേശവാസികള്‍ക്ക് ഇനി എളുപ്പത്തില്‍ ദേശീയപാത എന്‍എച്ച് 66 എത്തിച്ചേരാന്‍ റോഡ് സഹായകരമാവും. അടിയന്തിര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവ തീരദേശ മേഖലയിലേക്ക് അനായാസം എത്തിക്കാം.
ഉത്തര മേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.