ദേശീയപാത വികസനം: നടപടികൾ വേഗത്തില്‍; നഷ്ടപരിഹാരം നല്‍കല്‍ തുടരുന്നു
വിലനിര്‍ണയം പൂര്‍ത്തിയായി ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം അനുവദിച്ചവര്‍ക്കാണ് തുക കൈമാറുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതിനകം ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു.
തിരുവനന്തപുരം: ദേശീയപാത വികസനത്തിനുള്ള തടസ്സം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഭൂമി ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കല്‍ തുടരുന്നു. വിലനിര്‍ണയം പൂര്‍ത്തിയായി ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം അനുവദിച്ചവര്‍ക്കാണ് തുക കൈമാറുന്നത്.
കാസര്‍കോട് ജില്ലയില്‍ ഇതിനകം ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു. തലപ്പാടി മുതല്‍ കാലിക്കടവ് വരെ 87കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയിലാണ് ആദ്യം വികസിപ്പിക്കുന്നത്. 94.2018 ഹെക്ടര്‍ ഭൂമിയാണ് ഇതിനുവേണ്ടി ഏറ്റെടുത്തത്. ഇതില്‍ 22 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും ബാക്കി സ്വകാര്യ ഭൂമിയുമാണ്.
17 വില്ലേജുകളിലെ 1546 ഭൂവുടമകള്‍ക്കായി 365.3 കോടി രൂപയാണ് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം അനുവദിച്ചത്. ഇതില്‍ 1206 പേര്‍ക്കായി 253.66 കോടി രൂപ കൈമാറി. ഭൂമി സംബന്ധിച്ച് ഉടമസ്ഥര്‍ തമ്മില്‍ തര്‍ക്കമുള്ള കേസുകളില്‍ തുക കോടതിയില്‍ കെട്ടിവച്ചു. ബാക്കിയുള്ള തുക വേഗത്തില്‍ ഉടമകള്‍ക്ക് കൈമാറുന്ന നടപടി പുരോഗമിക്കുകയാണ്. 796 പേര്‍ക്ക് നല്‍കാനുള്ള 264.66 കോടി രൂപയുടെ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ ദേശീയപാത അതോറിറ്റിക്ക് കാസര്‍കോടുള്ള ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഓഫീസ് നല്‍കിയിട്ടുണ്ട്. ഇനി മൂവായിരത്തോളം പേര്‍ക്കായി നഷ്ടപരിഹാരം നല്‍കാനുണ്ടന്നാണ് കണക്കാക്കുന്നത്. ഇവരുടെ ഭൂമിയുടെയും ഇതിലുള്ള കെട്ടിടങ്ങളുടെയും വിലനിര്‍ണയ നടപടി പൂര്‍ത്തിയായി വരികയാണ്.
അതേസമയം അഞ്ഞൂറു കോടിരൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുണ്ടെന്നും ഫണ്ട് ലഭിക്കാത്തതാണ് തടസ്സമെന്നും ദേശീയപാത വികസനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി കലക്ടര്‍ ശശീധര പറഞ്ഞു.