പ്രജ്ഞാ സിങിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് എന്‍ഐഎ കോടതി

2017 ഏപ്രില്‍ 25ന് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയ പ്രജ്ഞാ സിങ് ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്.

Update: 2019-04-25 09:29 GMT

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പ്രജ്ഞാ സിങ് താക്കൂറിനെ തടയണമെന്നാവശ്യപ്പെട്ട് മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ പിതാവ് നല്‍കിയ ഹരജി എന്‍ഐഎ കോടതി തള്ളി. 2017 ഏപ്രില്‍ 25ന് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയ പ്രജ്ഞാ സിങ് ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്.

2008 സപ്തംബര്‍ 29ന് മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസ്ഹര്‍ നിസാര്‍ അഹ്മദിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ ആണ് ഭീകരതാ കേസില്‍ ഇപ്പോഴും വിചാരണ നേരിടുന്ന പ്രജ്ഞാ സിങ് മല്‍സരിക്കുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. പ്രജ്ഞാ സിങിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞാ സിങ് ജാമ്യം നേടിയത്. എന്നാല്‍, കൊടും ചൂടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രജ്ഞാ സിങിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിലാലിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. പ്രജ്ഞാ സിങ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍, ആരോഗ്യ പ്രശ്‌നം മൂലമല്ലെ പ്രജ്ഞാ സിങിന് ജാമ്യം കിട്ടിയതെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും പ്രജ്ഞാ സിങിന്റെ അഭിഭാഷകന്‍ ജെ പി മിശ്ര വാദിച്ചു. 2016ല്‍ അവര്‍ക്ക് ശസ്ത്രക്രിയ നടന്നതിനെ തുടര്‍ന്ന് നടക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. വിചാരണ ബാക്കിയുണ്ടെന്നത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമല്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

അതേ സമയം, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയാനുള്ള നിയമപരമായ അധികാരം എന്‍ഐഎ കോടതിക്കില്ലെന്ന് സ്‌പെഷ്യല്‍ ജഡ്ജി വിനോദ് പദാല്‍ക്കര്‍ വ്യക്തമാക്കി. അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത്. അതിനാല്‍ ആവശ്യം തള്ളുന്നതായും കോടതി വിധിച്ചു. 

Tags:    

Similar News