തമിഴ്‌നാട്ടിലെ തീവണ്ടി അപകടം: എന്‍ഐഎ അന്വേഷണം തുടങ്ങി
അട്ടിമറിയുണ്ടോയെന്ന് കണ്ടെത്താനാണ് പ്രാഥമിക അന്വേഷണം.
ചെന്നൈ: പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം തുടങ്ങി. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് കണ്ടെത്താനാണ് എന്‍ഐഎയുടെ പ്രാഥമിക അന്വേഷണം. അപകടത്തില്‍ ദുരൂഹതയുണ്ടോയെന്ന് അറിയാന്‍ റെയില്‍വേ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് എന്‍ഐഎ പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, സംഭവത്തില്‍ റെയില്‍വേയും ഉന്നതതല അന്വേഷണം ആരംഭിച്ചു. മൈസൂരില്‍ നിന്ന് ധര്‍ഭംഗയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനുമാണ് ഇന്നലെ രാത്രി എട്ടരയോടെ കൂട്ടിയിടിച്ചത്. പാസഞ്ചര്‍ ട്രെയിനിന്റെ 12 കോച്ചുകളെങ്കിലും പാളം തെറ്റി. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെയില്‍വേ അപകടങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിഥി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അപകടം തുടര്‍ക്കഥയാവുന്നത് തടയാന്‍ നടപടി വേണമെന്നാണ് ആവശ്യം. റെയില്‍ അപകടങ്ങള്‍ നിത്യസംഭവമാവുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.