പോപുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ റിപോര്‍ട്ട് തെളിവില്ലാത്ത പീറച്ചാക്ക്: അഡ്വ. കെ എസ് മധുസൂദനന്‍
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ എന്‍ഐഎ റിപോര്‍ട്ട് തെളിവില്ലാത്ത പീറച്ചാക്കാണെന്ന് നിയമവിദഗ്ധന്‍ അഡ്വ. കെ എസ് മധുസൂദനന്‍. മീഡിയാ വണ്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോടതിയില്‍ എന്‍ഐഎ കൊടുത്ത റിപോര്‍ട്ട് പരിശോധിക്കുമ്പോള്‍ കാണുന്ന അവഹേളനമിതാണ്. റിപോര്‍ട്ടില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ കുറെ വലിയ കാര്യങ്ങളെല്ലാം പറയുന്നു.
പക്ഷേ, എന്താണ് തെളിവ്. തെളിവായി എന്തെങ്കിലും പറയണ്ടേ. കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നു. ഉടനെ എഫ്‌ഐആര്‍ ഇടുന്നു. അതില്‍ യുഎപിഎയിലെ കുറെയധികം കുറ്റകൃത്യങ്ങള്‍ പോപുലര്‍ ഫ്രണ്ട് ചെയ്തതായി പറയുന്നു. ഏതെങ്കിലും പ്രത്യേക സംഭവം ചൂണ്ടിക്കാണിച്ചിട്ട്, ഗൂഢാലോചന എവിടെവച്ച്, എന്നാണ് നടത്തിയതെന്ന് പറയണ്ടേ. അല്ലെങ്കില്‍ ഒരു തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന് അക്കമിട്ട് പറയാന്‍ കഴിയുന്ന രൂപത്തില്‍ ഒന്നുമില്ലാതെയുള്ള റിപോര്‍ട്ടാണിത്'- അഡ്വ. കെ എസ് മധുസൂദനന്‍ വിമര്‍ശിക്കുന്നു.
കസ്റ്റഡിയില്‍ കൊടുത്ത പെറ്റീഷനില്‍ പറയുന്നതുതന്നെ ചോദ്യം ചെയ്തിട്ടുവേണം തെളിവുണ്ടാക്കാനെന്നാണ്. കൊല ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ട് കൊടുത്തിട്ട്, ചോദ്യം ചെയ്താല്‍ മാത്രമേ ഇയാളാണ് കൊന്നത്, ആരെയാണ് കൊന്നത്, എവിടെ വച്ചാണ്, ജഡമെവിടെയിട്ടു എന്ന് മനസ്സിലാക്കാന്‍ കഴിയൂ എന്ന് പറഞ്ഞാല്‍ എന്തുതരം റിപോര്‍ട്ടാണ്. ഈ രീതിയില്‍ പീറച്ചാക്ക് പോലുള്ള എഫ്‌ഐആര്‍ കൊടുക്കുക, അതിന് അനുസരിച്ച് റിമാന്റ് റിപോര്‍ട്ട് കൊടുക്കുക, പ്രതികളുടെ കസ്റ്റഡി ഏഴോ പത്തോ ദിവസത്തേക്ക് വാങ്ങുക, അതിനുശേഷം അവരെ ചോദ്യം ചെയ്തിട്ട് ഞങ്ങള്‍ക്ക് ഇന്നതെല്ലാം കിട്ടിയെന്ന് ഒരു സ്‌റ്റേറ്റ്‌മെന്റ് കോടതിയില്‍ കൊടുക്കുക, അതനുസരിച്ച് ഒന്നോ രണ്ടോ പേരെ മാപ്പുസാക്ഷികളാക്കി മാറ്റി കേസ് വീണ്ടും പുനര്‍വാര്‍ത്തെടുക്കുന്ന രീതിയാണ് എന്‍ഐഎ കാണിച്ചുകൊണ്ടിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ടിന് പ്രസക്തിയുണ്ട്. അതില്ല എന്ന് പറയാന്‍ പറ്റില്ല. കുറെയെല്ലാം ആത്മവിശ്വാസം പുലര്‍ത്തുന്ന നിലയിലേക്ക് അവരെത്തിയിട്ടുണ്ടെന്നും അഡ്വ. കെ എസ് മധുസൂദനന്‍ കൂട്ടിച്ചേര്‍ത്തു.