കൊവിഡ് പ്രതിസന്ധി; നോയിഡയിലെ രാത്രികാല കര്‍ഫ്യൂ സമയം നീട്ടി, യുപി ബോര്‍ഡ് പരീക്ഷകള്‍ മാറ്റി
ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂം അധ്യാപനം മെയ് 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇക്കാലയളവില്‍ ഒരു പരീക്ഷയും നടക്കില്ല. യുപി ബോര്‍ഡ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 20 ന് ശേഷം നടക്കും.
ലഖ്‌നോ: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ലഖ്‌നോവിലെ നോയിഡയില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ നിയന്ത്രണം കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയായിരുന്നു രാത്രികാല കര്‍ഫ്യൂ.
ഇപ്പോള്‍ അത് രാത്രി 8 മണി മുതല്‍ രാവിലെ 7 മണിയായി നീട്ടിയിട്ടുണ്ട്. അടുത്തമാസം വരെ ഉത്തര്‍പ്രദേശ് സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാനാണ് മറ്റൊരു തീരുമാനം. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് മെയ് 15 വരെ തുടരും. കൊവിഡ് കേസുകളില്‍ ഭീതിജനകമായ തരത്തില്‍ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊവിഡ് 19 സ്ഥിതി അവലോകനം ചെയ്ത ശേഷം പുതിയ തിയ്യതികള്‍ മെയ് മാസത്തില്‍ പ്രഖ്യാപിക്കും.
ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂം അധ്യാപനം മെയ് 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇക്കാലയളവില്‍ ഒരു പരീക്ഷയും നടക്കില്ല. യുപി ബോര്‍ഡ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 20 ന് ശേഷം നടക്കും. മെയ് ആദ്യവാരം പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് യുപി ബോര്‍ഡ് പരീക്ഷ ഈ വര്‍ഷം മാറ്റിവയ്ക്കുന്നത്. പരീക്ഷകള്‍ മെയ് 8 ലേക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മാറ്റിവച്ചിരുന്നു. ബോര്‍ഡ് പരീക്ഷകള്‍ യഥാര്‍ഥത്തില്‍ ഏപ്രില്‍ 24 നാണ് ആരംഭിക്കേണ്ടിയിരുന്നത്.
സംസ്ഥാന തലസ്ഥാനമായ ലഖ്‌നോ, പ്രയാഗ്‌രാജ്, നോയിഡ, കാണ്‍പൂര്‍, വാരാണസി, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇതിനകം രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്. ഈ ജില്ലകളിലെല്ലാം രണ്ടായിരത്തിലധികം സജീവ കൊവിഡ് കേസുകളാണുള്ളത്. കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ അനൗണ്‍സ്‌മെന്റുകളും തിരക്കേറിയ സ്ഥലങ്ങളില്‍ പോലിസ് പട്രോളിങ്ങും നടത്തിവരികയാണ്. നവരാത്രി, റമദാന്‍ പ്രമാണിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകംതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.