നിപ സംശയം: 15കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നുപേര്‍ നിരീക്ഷണത്തില്‍

Update: 2024-07-20 06:22 GMT

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികില്‍സയിലുള്ള മലപ്പുറം സ്വദേശിയായ 15കാരനുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നുപേര്‍ നിരീക്ഷണത്തില്‍. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിക്കാണ് നിപ സംശയമുള്ളത്. വിദ്യാര്‍ഥി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നുപേരോട് നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിപയാണോയെന്ന് അറിയാന്‍ സ്രവം ഇന്ന് പുനെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക് അയക്കും. വിവരമറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മലപ്പുറത്ത് ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേരും.

    സംസ്ഥാനത്ത് വീണ്ടും നിപ ബാധയുണ്ടായോയെന്ന സംശയം ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 2018 മുതല്‍ ഇതുവരെ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ മരണപ്പെട്ടിരുന്നു. 2021ല്‍ 12 വയസ്സുകാരനും 2023 ല്‍ ആഗസ്തിലും സപ്തംബറിലുമായി രണ്ട് പേരും മരണപ്പെട്ടിരുന്നു.

Tags:    

Similar News