'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി പത്രത്തിലും പരസ്യം, ബഹിഷ്‌കരണ ആഹ്വാനവുമായി സൈബര്‍ സഖാക്കള്‍
കൊച്ചി: രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ പോസ്റ്ററിന്റെ പരസ്യം വിവാദത്തില്‍. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകമാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. സിനിമക്കെതിരേ സോഷ്യല്‍ മീഡിയയില്‍ സിപിഎം അനുഭാവികളുടെ സൈബര്‍ ആക്രമണം ശക്തമാണ്. സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായാണ് സൈബര്‍ സഖാക്കള്‍ രംഗത്തുവന്നിട്ടുള്ളത്.
കേരളത്തിലെ റോഡുകളിലെ കുഴികളെപ്പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകമെന്നത് ശ്രദ്ധേയമാണ്. റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ജീവഹാനി സംഭവിച്ചതോടുകൂടിയാണ് കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ചര്‍ച്ചയായത്. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടുകയുണ്ടായി. പൊതുമരാമത്ത് മന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. അതിനിടയിലാണ് റോഡിലെ കുഴി പരസ്യവാചകമായി പോസ്റ്ററും പുറത്തിറങ്ങിയത്.
സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്‌ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. പ്രമുഖരായ സിപിഎം അനുഭാവികളടക്കമാണ് സിനിമ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമക്കെതിരായ സിപിഎം സൈബര്‍ സഖാക്കളുടെ നീക്കത്തിനെതിരേയും വിമര്‍ശനം ശക്തമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേവലമൊരു പരസ്യവാചകത്തിന്റെ പേരില്‍ സിനിമയെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിലെ ഇരട്ടത്താപ്പാണ് പലരും ചോദ്യംചെയ്യുന്നത്.
അതേസമയം, സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകമടങ്ങിയ വിവാദ പോസ്റ്റര്‍ അച്ചടിച്ചുവന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ദേശാഭിമാനിക്കില്ലാത്ത പ്രശ്‌നം നിങ്ങള്‍ക്കെന്തിനാ സഖാവേ എന്നാണ് പലരും ചോദിക്കുന്നത്. ദേശാഭിമാനിയുടെ നിലപാട് തള്ളിപ്പറയാന്‍ തയ്യാറുണ്ടോയെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.