ഹമാസിനെ ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഷ്ട്രീയ കാര്യസമിതി അംഗം ബാസിം നഈം
വരും തലമുറ ഫലസ്തീന്റെ വിമോചനത്തിനായി രക്തസാക്ഷികളുടെ പാത പിന്തുടരുകയാണെന്നും ബാസിം നഈം കൂട്ടിചേര്‍ത്തു.
ബെയ്‌റൂത്ത്: നേതൃത്വത്തെ ഇല്ലാതാക്കിയാലും ഹമാസ് ഇല്ലാതാവില്ലെന്ന് ഹമാസ് രാഷ്ട്രീയ കാര്യ സമിതി അംഗം ബാസിം നഈം. സ്വാതന്ത്ര്യവും അന്തസും തേടുന്ന ജനങ്ങളുടെ വിമോചനപ്രസ്ഥാനമാണ് ഹമാസ്. അതിനെ ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. 'രണ്ട് മികച്ച കാര്യങ്ങളിലൊന്നാണ് ഞങ്ങളുടെ വിധിയെന്നാണ് വിശ്വസിക്കുന്നത്, 'വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം'.
വളരെ സ്‌നേഹവും അടുപ്പവുമുള്ള വ്യക്തികളെ നഷ്ടപ്പെടുന്നത് വേദനാജനകവും ദു:ഖകരവുമാണ്, പ്രത്യേകിച്ചും ഞങ്ങളുടേത് പോലുള്ള നേതാക്കളെ. പക്ഷെ, ആത്യന്തികമായി ഞങ്ങള്‍ വിജയത്തിലെത്തും. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാ ജനവിഭാഗങ്ങള്‍ക്കും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
മുന്‍കാലങ്ങളില്‍ നിരവധി ഹമാസ് നേതാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഈ രക്തസാക്ഷിത്വങ്ങളെല്ലാം ഹമാസിന്റെ ശക്തിയും ജനപ്രീതിയും വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഹമാസ് നേതാക്കളെ കൊല്ലുന്നതിലൂടെ ഫലസ്തീന്‍ ജനതയുടെ പോരാട്ടം ഇല്ലാതാക്കാമെന്നാണ് ഇസ്രായേല്‍ വിശ്വസിക്കുന്നതെന്ന് തോന്നുന്നു. ഓരോ തവണയും ഹമാസ് കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് ചെയ്യുന്നത്. വരും തലമുറ ഫലസ്തീന്റെ വിമോചനത്തിനായി രക്തസാക്ഷികളുടെ പാത പിന്തുടരുകയാണെന്നും ബാസിം നഈം കൂട്ടിചേര്‍ത്തു.
ഇസ്മാഈല്‍ ഹനിയയുടെ നേതൃത്വത്തിലുള്ള ആദ്യ ഗസ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ഡോക്ടര്‍ കൂടിയായ ബാസിം നഈം. പിന്നീട് യുവജന-കായിക വകുപ്പ് മന്ത്രിയുമായി. ബാസിമിന്റെ മൂത്തമകന്‍ അല്‍ ഖസം ബ്രിഗേഡ് അംഗമായിരുന്നു. പതിനേഴു വയസ് മാത്രം പ്രായമുണ്ടായിരുന്ന മകന്‍ പിന്നീട് രക്തസാക്ഷിയായി.