ഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി കര്‍ണാടകയിലെ കര്‍ഷകര്‍ (വീഡിയോ)

Update: 2022-07-04 16:19 GMT

ബംഗളൂരു: ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധനം മൂലം ജീവിക്കാന്‍ വകയില്ലാതെ നട്ടം തിരിഞ്ഞ് കര്‍ണാടകയിലെ കര്‍ഷകര്‍. ഗോവധം നിരോധിച്ച സര്‍ക്കാര്‍ ഞങ്ങളുടെ അവസ്ഥക്ക് പരിഹാരം കാണുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.

'ഞങ്ങളുടെ പശുക്കളെ ആരും വാങ്ങുന്നില്ല, ഒരു നേരം ഭക്ഷണം കഴിക്കാതെ ഞങ്ങള്‍ ഇവിടെ ഇരിക്കുന്നു, എന്റെ ഭാര്യയുടെ ആരോഗ്യം മോശമാണ്, ആശുപത്രിയില്‍ പോകാന്‍ പോലും പണമില്ല? ഞങ്ങളെ ആരാണ് പരിപാലിക്കുക?'. ഒരു കര്‍ഷകന്‍ പറഞ്ഞു. കര്‍ണാടകയില്‍ നിന്നും മുസ് ലിം കച്ചവടക്കാര്‍ കാലികളെ വാങ്ങാതായതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്. കറവ വറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുയാണ് കര്‍ഷകര്‍. തങ്ങളുടെ പ്രശ്‌നത്തിന് സര്‍ക്കാരിന്റെ മുന്നില്‍ പരിഹാരമില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.

കര്‍ണാടകയില്‍ സമ്പൂര്‍ണ ഗോവധ നിരോധനകന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്തെ 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറുക്കാനാകൂ.

2020 അവസാനം നിയമസഭയില്‍ ബില്‍ പാസാക്കിയെങ്കിലും 2021 ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് അംഗങ്ങള്‍ക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷമുണ്ടായിട്ടും ശബ്ദവോട്ടോടെ ഏകപക്ഷീയമായി ബി.ജെ.പി ബില്‍ പാസാക്കുകയായിരുന്നു.

പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനമെന്നാണ് നിയമത്തില്‍ പറയുന്നത്. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പോത്തിെന്റ വയസ്സ് തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ കുറ്റകൃത്യമായി മാറും.

കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, കന്നുകാലികള്‍ക്കു നേരെയുള്ള ക്രൂരത എന്നിവക്ക് കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പിഴയും നല്‍കുന്നതാണ് നിയമം. കുറ്റം ആവര്‍ത്തിച്ചാല്‍ ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

Tags:    

Similar News