'വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല'; 'ലൗ ജിഹാദ്' കേസില്‍ മിശ്ര വിവാഹിതരെ സംരക്ഷിച്ച് അലഹാബാദ് ഹൈക്കോടതി

2020 നവംബര്‍ മാസത്തില്‍ മാത്രം 125 മിശ്ര വിവാഹ ദമ്പതികള്‍ക്കാണ് അലഹാബാദ് ഹൈക്കോടതി സംരക്ഷണം നല്‍കിയത്.

Update: 2021-01-09 09:53 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ 'ലൗ ജിഹാദ്' നിയമത്തില്‍ വീണ്ടും മിശ്ര വിവാഹതിര്‍ക്ക് അനുകൂലമായ ഇടപെടലുമായി അലഹാബാദ് ഹൈക്കോടതി. മുസ് ലിം യുവാവിന്റേയും സ്വന്തം ഇഷ്ടപ്രകാരം ഇസ് ലാം മതം സ്വീകരിച്ച ഹിന്ദു യുവതിയുടേയും വിവാഹം തടഞ്ഞ പോലിസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരുടെ സമാധാനപരമായ ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ജസ്റ്റിസ് സരള്‍ ശ്രിവാസ്തവ അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി.

ദമ്പതികള്‍ മുതിര്‍ന്നവരാണെന്ന് അവകാശപ്പെടുകയും യുവതി 1998 ലും യുവാവ് 1997 ലും ജനിച്ചതായി തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കി.

ആവശ്യമെങ്കില്‍ ദമ്പതികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ജസ്റ്റിസ് ശ്രീവാസ്തവ ബിജ്‌നോര്‍ പോലിസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. കേസ് തീര്‍പ്പാക്കുന്നതിനായി ഫെബ്രുവരി എട്ടിലേക്ക് മാറ്റിവച്ചു. അതേസമയം, ഭാര്യയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇത് എന്തിനാണെന്ന് കൃത്യമായി അറിയില്ലെന്നും 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

2006 ലെ കേസിലെ ജസ്റ്റിസ് മര്‍ക്കാണ്ടി കട്ജുവിന്റെ സുപ്രീം കോടതി വിധിയും ബഞ്ച് ഉദ്ധരിച്ചു.

'ഇതൊരു സ്വതന്ത്ര-ജനാധിപത്യ രാജ്യമാണ്, ഒരു വ്യക്തി പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞാല്‍ അയാള്‍ക്ക് / അവള്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാം. ആണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ മാതാപിതാക്കള്‍ അത്തരം ഇതരജാതി അല്ലെങ്കില്‍ ഇതരമത വിവാഹത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ക്ക് മകനുമായോ മകളുമായോ ഉള്ള സാമൂഹിക ബന്ധം വിച്ഛേദിക്കുക മാത്രമാണ്. അവരെ ഭീഷണിപ്പെടുത്താനോ തടസ്സം നില്‍ക്കാനോ പ്രേരിപ്പിക്കാനോ കഴിയില്ല'.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സിഎഎ പോലെ തന്നെ മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം അമ്പതോളം മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരവധി പേര്‍ക്കെതിരേ കേസെടുത്തു. തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മുസ് ലിം യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുക്കുന്നത്.

ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനുശേഷം എഫ്.ഐ.ആറുകളും സംശയാസ്പദമായ അറസ്റ്റുകളും വ്യാപകമാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 22 കാരിയായ ഹിന്ദു യുവതിയെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് ഗര്‍ഭം അലസിപ്പിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തു. താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുവതിയുടെ ഭാര്‍ത്താവായ മുസ് ലിം യുവാവിനേയും സഹോദരനേയും യുപി അറസ്റ്റ് ചെയ്തു. കോടതി ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.

2020 നവംബര്‍ മാസത്തില്‍ മാത്രം 125 മിശ്ര വിവാഹ ദമ്പതികള്‍ക്കാണ് അലഹാബാദ് ഹൈക്കോടതി സംരക്ഷണം നല്‍കിയത്.

Tags:    

Similar News