സിഎഎയ്ക്ക് ഇടക്കാല സ്‌റ്റേയില്ല; കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി

Update: 2024-03-19 09:57 GMT

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ വിവേചനം കാട്ടുന്ന പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ഇടക്കാല സ്റ്റേ അനുവദിച്ചില്ല. ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി സമയം നല്‍കി. മൂന്നാഴ്ചയക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഏപ്രില്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ്, കേരളസര്‍ക്കാര്‍, എസ് ഡിപി ഐ, ഓള്‍ ഇന്ത്യാ ഇത്തിഹാദുല്‍ മുസ് ലിംമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, ഡിവൈഎഫ്‌ഐ, സിപിഎം, സിപിഐ, എസ് എഫ്‌ഐ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ് ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ് വത്തുല്‍ മുജാഹിദീന്‍, സമസ്ത കേരള സുന്നി യുവജന സംഘം, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്ത് കൗണ്‍സില്‍, ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍, കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ഹര്‍ഷ് മന്ദര്‍, രമേശ് ചെന്നിത്തല, ടി എന്‍ പ്രതാപന്‍, ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി സംഘടനകളും വ്യക്തികളുമായി 237 ഹരജികളാണ് നല്‍കിയത്. അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ക്കായി പ്രത്യേക നോഡല്‍ അഭിഭാഷകരെ നിയമിച്ച് സുപ്രിംകോടതി ഉത്തരവും പുറപ്പെടുവിച്ചു. അതേസമയം, മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമം ഒരാളുടെയും പൗരത്വം എടുത്ത് കളയില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.

    നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മുസ് ലിം ലീഗിനു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ചട്ടം അനുസരിച്ച് ആര്‍ക്കെങ്കിലും പൗരത്വം ലഭിച്ചാല്‍ ഹരജികള്‍ നിലനില്‍ക്കില്ല. അതിനാല്‍ സ്‌റ്റേ അനുവദിക്കണം. സ്‌റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകൂടേയെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി അംഗീകരിച്ചില്ല. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയാണെന്നും സ്‌റ്റേ നല്‍കിയാല്‍ ആ സാഹചര്യത്തില്‍ അഭയാര്‍ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. തുടര്‍ന്നാണ് ഏപ്രില്‍ 9ന് വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍, അതുവരെ ആര്‍ക്കും പൗരത്വം നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കിയില്ല.

Tags:    

Similar News