ഉള്ളിലെ അല്‍പം മനുഷ്യത്വം കണ്ടെത്തൂ; കൊവിഡിനിടയില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരേ നടി പാര്‍വതി തിരുവോത്ത്
തൃശൂര്‍ പൂരത്തിനെതിരായ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതി തിരുവോത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനത്തിനിടയില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. തൃശൂര്‍ പൂരത്തിനെതിരായ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതി തിരുവോത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ''ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ, ആ ഭാഷ ഉപയോഗിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. നിങ്ങളുടെ ഉള്ളിലെ അല്‍പം മനുഷ്യത്വം കണ്ടെത്തൂ '' എന്നായിരുന്നു പാര്‍വതി കുറിച്ചത്. ' നോ ടു തൃശൂര്‍ പൂര, സെക്കന്‍ഡ് വേവ് കൊറോണ' എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പിട്ടിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൂരം നടത്താനുള്ള നീക്കത്തിനെതിരേ വിവിധ കോണുകളില്‍നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം പൂരം നടത്തിപ്പിനെതിരേ രംഗത്തുവന്നിരുന്നു. മഹാമാരിക്കിടയില്‍ പൂരം നടത്തരുതെന്നാവശ്യപ്പെട്ട് സംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്.
'ആരുടെ ഉല്‍സവമാണ് തൃശൂര്‍ പൂരം, ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷംകൊണ്ട് സംഭവിക്കാന്‍ പോവുന്നത്- ഷാഹിന നഫീസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എഴുത്തുകാരി ശാരദക്കുട്ടിയും കൊവിഡ് പ്രതിസന്ധിക്കിടെ പൂരം നടത്തുന്നതിനെതിരേ രംഗത്തുവന്നിട്ടുണ്ട്.