നീതിയല്ല, നീതിയിലേക്കുള്ള ഒരു വാതില്‍കൂടി തുറന്നു; പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരന്‍

Update: 2024-09-19 07:51 GMT

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളുടെ വിടുതല്‍ ഹരജി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി സഹോദരന്‍ ദാവൂദ്. നീതിയല്ലെന്നും നീതിയിലേക്കുള്ള ഒരു വാതില്‍കൂടി തുറന്നെന്നുമാണ് ദാവൂദ് മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. തങ്ങള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കല്ല്യാശ്ശേരി മുന്‍ എംഎല്‍എ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹരജികളാണ് എറണാകുളം സിബിഐ പ്രത്യേക കോടതി തള്ളിയത്. കേസില്‍ ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനാകുറ്റം ചുമത്തിയിരുന്നു. എന്നാല്‍, തങ്ങള്‍ക്കെതിരേ തെളിവില്ലെന്നും ഗൂഢാലോചനാ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ ആവശ്യമില്ലെന്നുമുള്ള ഹരജിയാണ് കോടതി തള്ളിയത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും ടി വി രാജേഷിനുമെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരേ തെളിവുകളുള്ളതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

    2020 ഫെബ്രുവരി 20നാണ് എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ കുതിരപ്പുറത്ത് അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഏതാനും ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ ഏതാനും ലീഗ് പ്രവത്തകരെ തടഞ്ഞുനിര്‍ത്തി ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെ 34 പ്രതികളാണുള്ളത്.

Tags:    

Similar News