'ഇന്‍ഡ്യ' സഖ്യത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല; കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി നിതീഷ് കുമാര്‍

Update: 2023-11-02 10:09 GMT

പട്‌ന: വിശാല പ്രതിപക്ഷ സഖ്യമായി 'ഇന്‍ഡ്യ' മുന്നണിയില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ ശ്രദ്ധ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പട്‌നയില്‍ സിപി ഐ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നിതീശിന്റെ വിമര്‍ശനം. 'ഇന്‍ഡ്യ' സഖ്യത്തില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവില്‍ ഇന്‍ഡ്യ സഖ്യം യോഗം ചേര്‍ന്നത് ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഭോപ്പാലില്‍ ഒരു പ്രതിപക്ഷ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റാലി ഒഴിവാക്കി. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യതീരുമാനം. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസ് അതിലേക്ക് മാത്രമായിപ്പോയി. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തന്നെ സഖ്യത്തിന് മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിതീഷ് കുമാര്‍ പറഞ്ഞു.

    ഇന്‍ഡ്യ മുന്നണിയില്‍ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാവണമെന്ന പൊതുനിര്‍ദേശത്തെ പലപ്പോഴും മറികടക്കുന്ന രീതിയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിച്ചതും തിരിച്ചടിയായിരുന്നു. ഇതിനെതിരേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ രംഗത്തുവരികയും ആം ആദ്മി പാര്‍ട്ടി അടക്കം വെവ്വേറെ മല്‍സരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News