ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതായി റിപോര്‍ട്ട്. പ്രിയങ്കാ ഗാന്ധി അധ്യക്ഷയാവണം എന്നാവശ്യപ്പെട്ടു നേതാക്കളടക്കം നിരവധി പേര് രംഗത്തെത്തിയതോടെയാണ് പ്രിയങ്ക തന്റെ നിലപാട് മുതിര്‍ന്ന നേതാക്കളെ അറിയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി നട്വര് സിങ് അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പിളരുമെന്നായിരുന്നു നട്വര് സിങിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പോലിസ് തടഞ്ഞുവച്ച സംഭവങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു നട്വര്‍സിങിന്റെ പ്രസ്താവന. അധികാരികള്‍ തടഞ്ഞപ്പോള്‍ അവിടെ ഇരുന്ന് തന്റെ ആവശ്യം നേടിയെടുക്കുകയാണ് പ്രിയങ്ക ചെയ്തത്. പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. സോന്‍ഭദ്ര സന്ദര്‍ശനത്തിലൂടെ പ്രിയങ്ക അതു തെളിയിച്ചുവെന്നും നട്വര് സിങ് പറഞ്ഞിരുന്നു.
പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന് അനില്‍ ശാസ്ത്രിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും എംപിയുമായ അഭിജിത്ത് മുഖര്‍ജിയും രംഗത്തെത്തിയിരുന്നു.