ഉമറുല്‍ ബഷീറിന്റെ സഹോദരന്മാരെ അറസ്റ്റ് ചെയ്തു
അധികാരം ഉടന്‍ സിവിലിയന്‍ ഭരണകൂടത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.
ഖാര്‍ത്തൂം: പുറത്താക്കപ്പെട്ട പ്രസിഡന്റ് ഉമറുല്‍ ബഷീറിന്റെ രണ്ട് സഹോദരന്മാരെ സുദാന്‍ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തു. അധികാരം ഉടന്‍ സിവിലിയന്‍ ഭരണകൂടത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.
മുന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അബ്ദുല്ല ഹസന്‍ അല്‍ ബഷീര്‍, അലബാസ് ഹസന്‍ അല്‍ബഷീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതെന്ന് താല്‍ക്കാലിക സൈനിക സമിതി വക്താവ് ശംസുദ്ദീന്‍ കബാഷി പറഞ്ഞു. ഉമറുല്‍ബഷീറിനെ വീട്ടു തടങ്കലില്‍ നിന്ന് കോബാറിലെ ജയിലിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച്ച വൈകിയാണ് 30 വര്‍ഷം സുദാനെ അടക്കി ഭരിച്ച ഉമറുല്‍ ബഷീറിനെ അതീവ സുരക്ഷയുള്ള ജയിലിലേക്കു മാറ്റിയത്. ഉമറുല്‍ ബഷീറിനെ ജയിലില്‍ എത്തിച്ച കാര്യം കോബാര്‍ ജയില്‍ സുരക്ഷാ ജീവനക്കാരന്‍ സ്ഥിരീകരിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായ റിപോര്‍ട്ട് ഒന്നും വന്നിട്ടില്ല.
ദര്‍ഫുറിലെ വംശഹത്യയ്ക്കും യുദ്ധക്കുറ്റത്തിനും വിചാരണ ചെയ്യുന്നതിന് ഉമറുല്‍ ബഷീറിനെ അന്താരാഷ്ട്ര കിമിനല്‍ കോടതിക്ക് കൈമാറില്ലെന്നും അദ്ദേഹത്തെ നാട്ടില്‍ തന്നെ വിചാരണ ചെയ്യുമെന്നും സൈന്യം വ്യക്തമാക്കി.
അതേ സമയം, സൈനിക ആസ്ഥാനത്തിന് മുന്നില്‍ ഒരു ദിവസത്തെ ധര്‍ണ നടത്തുന്നതിനായി മാര്‍ച്ച് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം ആയിരക്കണക്കിന് ജനങ്ങളും ഒത്തുചേര്‍ന്നു. സ്വാതന്ത്ര്യം, സമാധാനം, നീതി, വിപ്ലവം ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്. സൈന്യം എത്രയും പെട്ടെന്ന് ഇടക്കാല ഭരണം സിവിലിയന്‍ ഭരണകൂടത്തിന് കൈമാറണമെന്നും തിരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.
ഭക്ഷ്യവസ്തുക്കള്‍ക്ക് വലിയ തോതില്‍ വിലവര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് സുദാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. അതു ബഷീറിനെ പുറത്താക്കണമെന്ന രീതിയിലേക്ക് വളരുകയായിരുന്നു. 1989ല്‍ അട്ടിമറിയിലൂടെയാണ് ഉമറുല്‍ ബഷീര്‍ സുദാന്റെ അധികാരമേറ്റെടുത്തത്. സുദാന്‍ മുന്‍ ഭരണത്തലന്‍ ജാഫര്‍ നിമിരിയെ പുറത്താക്കിയതിന്റെ 34ാം വാര്‍ഷിക വേളയായ ഏപ്രില്‍ 6ന് പ്രക്ഷോഭം ശക്തിപ്രാപിക്കുകയായിരുന്നു. വെടിവയ്പ്പും കണ്ണീര്‍ വാതക പ്രയോഗവും ഉള്‍പ്പെടെ നടത്തി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്മാറിയില്ല. ഒടുവിലാണ് ഉമറുല്‍ ബഷീറിന്റെ പതനം.