മധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു; ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു (വീഡിയോ)

Update: 2022-07-04 15:29 GMT

ഭോപാല്‍: വിവാഹേതര ബന്ധമാരോപിച്ച് മധ്യപ്രദേശില്‍ ആദിവാസി യുവതിയെ ജനക്കൂട്ടം പട്ടാപ്പകല്‍ നടുറോഡില്‍ തല്ലിച്ചതച്ചു. ക്രൂരമായ മര്‍ദ്ദനത്തിനുശേഷം ഭര്‍ത്താവിനെ ചുമലിലേറ്റി നഗരം മുഴുവന്‍ യുവതിയെ നടത്തിച്ചു. അക്രമിക്കൂട്ടം തന്നെയാണ് മര്‍ദ്ദനദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ഉദയ്‌നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ബോര്‍പദാവ് എന്ന ഗ്രാമത്തിലാണ് ക്രൂരസംഭവം അരങ്ങേറിയത്. നിരവധി പുരുഷന്‍മാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്നതും ചെരുപ്പുമാല അണിയിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

32കാരിയായ ആദിവാസി യുവതിയാണ് മര്‍ദ്ദനത്തിനിരയായത്. സംഭവത്തില്‍ 12 പേരെ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: അന്യപുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ബോര്‍പദാവ് സ്വദേശിയായ ആദിവാസി യുവതി, ശനിയാഴ്ച രാത്രി ഹരിസിങ് ബിലാലയുടെ വീട്ടിലെത്തിയത്. ആറുമാസമായി തമ്മില്‍ പരിചയമുണ്ടെന്നാണ് ഇവര്‍ പോലിസിന് നല്‍കിയ മൊഴി. ഞായറാഴ്ച നാട്ടുകാരെയും കൂട്ടി ബിലാലയുടെ വീട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവും ഗ്രാമവാസികളും ഇവരെ വലിച്ചിറക്കി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

ബെല്‍റ്റുപയോഗിച്ചും മറ്റുമാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇരുവരുടെയും കഴുത്തില്‍ ചെരിപ്പുമാല തൂക്കി തെരുവിലൂടെ നടത്തിച്ചു. വീണ്ടും മര്‍ദ്ദിച്ച ശേഷം ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. സ്ഥലത്തുണ്ടായിരുന്ന വൃദ്ധനും വൃദ്ധയും അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുമ്പോള്‍ യുവതിക്കൊപ്പം മൂന്ന് മക്കളുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വിവാഹേതര ബന്ധത്തിന് മുതിര്‍ന്നതിനുള്ള ശിക്ഷയെന്നോണമാണ് യുവതിയെ തല്ലിച്ചതച്ചത്.

വിവരമറിഞ്ഞ് ലോക്കല്‍ പോലിസ് കോണ്‍സ്റ്റബിള്‍ ശ്രാവണ്‍കുമാര്‍ സംഭവസ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലത്തെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഹരി സിങ് ബിലാല നല്‍കിയ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ 12 പേരെ പോലിസ് അറസ്റ്റുചെയ്തതായി ദേവാസ് പോലിസ് സൂപ്രണ്ട് ഡോ.ശിവദയാല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് കമല്‍നാഥ് പറഞ്ഞു. ആദിവാസികള്‍ അതികഠിനമായ അവസ്ഥകളിലൂടെ കടന്നുപോവുമ്പോള്‍ രാഷ്ട്രീയനാടകങ്ങളിലാണ് ബിജെപിക്ക് താല്‍പ്പര്യമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Similar News