നാല് വയസ്സുകാരിയെ കടിച്ചുകീറി തെരുവ് നായ്ക്കൂട്ടം (വീഡിയോ)

Update: 2022-01-02 10:04 GMT

ഭോപാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നാലുവയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഭോപാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടമായെത്തിയ തെരുവ് നായകള്‍ വളഞ്ഞിട്ട് പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ ഓടിയെത്തി നായകളില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പിന്നാലെയെത്തിയ തെരുവ് നായ്ക്കളാണ് ആക്രമണം നടത്തിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഞ്ചോളം നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ കടിച്ച് കുടഞ്ഞു. നിലത്ത് വീണ കുട്ടിയെ നായ്ക്കള്‍ തലമുടിയിലും കാലിലും കടിച്ചുവലിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഓടിയെത്തിയതോടെ അവ പിന്‍വാങ്ങുകയായിരുന്നു.

ഭോപാല്‍ ബാഗ് സെവാനിയയിലെ ഒരു സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിന് മുമ്പും ഈ പ്രദേശത്ത് തെരുവ് നായകളുടെ അക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊഹിഫിസ മേഖലയില്‍ അമ്മയുടെ സാന്നിധ്യത്തില്‍ ഏഴുവയസ്സുകാരിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു. 2019ല്‍ ആറുവയസ്സുള്ള ഒരു ആണ്‍കുട്ടിയെ അര ഡസന്‍ തെരുവ് നായ്ക്കള്‍ അമ്മയുടെ കണ്‍മുന്നില്‍ വച്ച് കടിച്ചുകൊന്നിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഭോപാലില്‍ ഒരുലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News