തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം ചെറുത്തു; യുപിയില്‍ 17കാരിയെ അക്രമികള്‍ രണ്ടാം നിലയില്‍നിന്ന് വലിച്ചെറിഞ്ഞു

പെണ്‍കുട്ടി റോഡിലേക്ക് രണ്ടാം നിലയില്‍നിന്ന് മലര്‍ന്നടിച്ച് വീഴുന്നതും അക്രമികള്‍ ഓടിരക്ഷപ്പെടുന്നതും സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അപ്പോള്‍ ചില വഴിയാത്രക്കാര്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി അടുത്തേയ്ക്ക് ഓടുന്നതും 25 സെക്കന്‍ഡ് സമയത്തെ ദൃശ്യങ്ങളിലുണ്ട്.

Update: 2021-06-23 09:38 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കുനേരേയുള്ള അതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവരുന്നു. 17 വയസ്സുകാരിയെ അക്രമികള്‍ വീടിന്റെ രണ്ടാം നിലയില്‍നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞതാണ് യോഗിയുടെ യുപിയില്‍നിന്നുള്ള പുതിയ റിപോര്‍ട്ട്. മഥുരയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തതോടെ രണ്ടാം നിലയിലെ വീടിന്റെ ബാല്‍ക്കെണിയില്‍നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് 17കാരിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.

പെണ്‍കുട്ടി റോഡിലേക്ക് രണ്ടാം നിലയില്‍നിന്ന് മലര്‍ന്നടിച്ച് വീഴുന്നതും അക്രമികള്‍ ഓടിരക്ഷപ്പെടുന്നതും സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അപ്പോള്‍ ചില വഴിയാത്രക്കാര്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി അടുത്തേയ്ക്ക് ഓടുന്നതും 25 സെക്കന്‍ഡ് സമയത്തെ ദൃശ്യങ്ങളിലുണ്ട്. കൂടാതെ പെണ്‍കുട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്നതും കാണാം. അക്രമികളില്‍നിന്നുള്ള ഭയാനകരമായ ആക്രമണത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും പെണ്‍കുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. അക്രമികള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് താമസിക്കുന്നത്. കുറച്ചുമാസങ്ങളായി മൂവര്‍ സംഘം പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. ഇവരുടെ പേരുവിവരങ്ങള്‍ അടക്കം പെണ്‍കുട്ടിയുടെ പിതാവ് പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. മകളുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ഒരാളില്‍നിന്ന് തനിക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചതായി പിതാവ് പറയുന്നു. അദ്ദേഹം വിസമ്മതിച്ചപ്പോള്‍ വിളിച്ചയാള്‍ തന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി- പിതാവ് പരാതിയില്‍ പറയുന്നു.

രാത്രി എട്ടുമണിക്കുശേഷം മൂന്നുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി. ആദ്യം മകളെ ഉപദ്രവിക്കുകയും പിന്നീട് അവളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ ശബ്ദമുയര്‍ത്തിയതോടെ പ്രതികള്‍ വീടിന്റെ രണ്ടാം നിലയില്‍നിന്ന് അവളെ താഴേക്കിടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്രമികള്‍ വീട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റുചെയ്തതായി മഥുര പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റുചെയ്തു. ഞങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ട്. സാധ്യമായ കര്‍ശന നടപടിയെടുക്കും- മഥുരയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ശ്രീഷ് ചന്ദ പറഞ്ഞു.

Tags:    

Similar News