കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ ബംഗളൂരുവില്‍ കസ്റ്റഡിയില്‍; അഞ്ചു പേര്‍ ഓടി രക്ഷപ്പെട്ടു

മടിവാളയിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.

Update: 2022-01-27 14:14 GMT

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായ സഹോദരിമാരടക്കം ആറ് പെണ്‍കുട്ടികളെ ബംഗളൂരുവില്‍ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ട് നാലിന് ശേഷമാണ് ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. കുട്ടികളെ കണ്ടെത്താനായി അന്വേഷണ സംഘം വ്യാഴാഴ്ച തന്നെ ബംഗളൂരുവിലേക്ക് തിരിക്കും.

അതേസമയം, കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷന്‍ അംഗം ബബിത ചില്‍ഡ്രന്‍സ് ഹോമിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ആറ് പെണ്‍കുട്ടികളെയും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്. ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കള ഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളില്‍ കോണി വെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലിസ് പറയുന്നത്.

സംഭവത്തില്‍ ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് ചേവായൂര്‍ പോലിസില്‍ പരാതി ലഭിച്ചത്. കുട്ടികള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലിസ് നിഗമനം.

Tags:    

Similar News