ഓണ്‍ലൈന്‍ റമ്മി; കോഹ്‌ലിക്കും തമ്മന്നയ്ക്കും അജു വര്‍ഗീസിനും ഹൈക്കോടതി നോട്ടീസ് അയച്ചു
ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയിലെ ഹര്‍ജി.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആത്മഹത്യ ചെയ്തിരുന്നു. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്.