ഐപിഎല്‍: ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കി കോഹ്‌ലിയും ഡിവില്ലിയേഴ്‌സും
173 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ നാലുപന്ത് ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി
മൊഹാലി: ഒടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്‍ 12ാം എഡിഷനില്‍ ആദ്യജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ എട്ടുവിക്കറ്റിന്റെ ജയമാണ് മൊഹാലിയില്‍ ടീം നേടിയത്. 173 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ നാലുപന്ത് ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും(67) ഡിവില്ലിയേഴ്‌സും(59) ചേര്‍ന്നാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. 53 പന്തില്‍ നിന്നാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. 38 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 59 റണ്‍സ് നേടിയത്. ബാംഗ്ലൂരിന് വേണ്ടി പാര്‍ഥിവ് പട്ടേല്‍ 19, മാര്‍ക്കസ് സ്‌റ്റോണിസ് 28 റണ്‍സെടുത്തു.
ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. സെഞ്ച്വറി നഷ്ടപ്പെട്ട(99) ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് മികവിലാണ് പഞ്ചാബ് നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തത്. 64 പന്തില്‍ നിന്നാണ് ഗെയ്‌ലിന്റെ നേട്ടം. അഞ്ച് സിക്‌സറും 10 ഫോറും അടങ്ങുന്നതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്. മന്‍ദീപ് സിങും ലോകേഷ് രാഹുലും 18 റണ്‍സ് വീതമെടുത്തു. മായങ്ക് അഗര്‍വാളും സര്‍ഫറാസ് ഖാനും 15 വീതം റണ്‍സെടുത്ത് പഞ്ചാബ് ഇന്നിങ്‌സിന് കരുത്തേകി. ബാംഗ്ലൂരിനു വേണ്ടി യുസ്‌വേന്ദ്ര ചാഹര്‍ രണ്ടു വിക്കറ്റ് നേടി.