ചെന്നൈ ഒരു റണ്ണിന് വീണു; ഐപിഎല്‍ ചാംപ്യന്‍മാരായി മുംബൈ ഇന്ത്യന്‍സ്

Update: 2019-05-12 18:51 GMT

ഹൈദരാബാദ്: അവസാന പന്ത് വരെ വിജയം പ്രതീക്ഷിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് 12ാം സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാരായി. ഐപിഎല്ലില്‍ നാലാം തവണയാണ് മുംബൈ കിരീടം നേടുന്നത്. കിരീടനേട്ടത്തിനായി 149 റണ്‍സ് ലക്ഷവുമായിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 59 പന്തില്‍ 80 റണ്‍സെടുത്ത് കിടിലന്‍ ബാറ്റിങ് കാഴ്ചവെച്ച ഷെയ്ന്‍ വാട്‌സണ്‍ന്റെ ഇന്നിങ്‌സിനും ചെന്നൈയെ രക്ഷിക്കാനായില്ല. ഫഫ് ടു പ്ലിസ്സിസ് 26 റണ്‍സെടുത്തതൊഴിച്ചാല്‍ ചെന്നൈ നിരയില്‍ മറ്റാര്‍ക്കും ഫോം കണ്ടെത്താനായില്ല. ക്യാപ്റ്റന്‍ ധോണി രണ്ട് റണ്‍സെടുത്ത് പുറത്തായത് ചെന്നൈക്ക് വന്‍ തിരിച്ചടിയാവുകയായിരുന്നു. ഡ്വിയ്ന്‍ ബ്രാവോ 15 റണ്‍സുമായി പിടിച്ചുനിന്നു. ഇത് ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ബ്രാവോ പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജയും (5), ശ്രാദുല്‍ ഠാക്കുറു(2)മായിരുന്നു ക്രീസില്‍ . അവസാന പന്തില്‍ വേണ്ടത് രണ്ട് റണ്‍സായിരുന്നു.എന്നാല്‍ ലസിത് മലിങ്ക ഠാക്കൂറിനെ എല്‍ബിയില്‍ കുരുക്കിയപ്പോള്‍ ചെന്നൈ പ്രതീക്ഷ അവസാനിച്ചു. കിരീടം മുംബൈക്ക് സ്വന്തം. ജസ്പ്രീത് ബുംറ മുംബൈക്കായി രണ്ട് വിക്കറ്റ് നേടി. ക്രൂനാല്‍ പാണ്ഡ്യ, ലസിത് മലിങ്ക, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് 17 പന്തില്‍ 29 റണ്‍സെടുത്ത് മുംബൈക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ ചെന്നൈ താരം ശ്രാദുല്‍ ഠാക്കൂറിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി ഡികോക്ക് പുറത്താവുകയായിരുന്നു. തുടര്‍ന്ന് വന്നവര്‍ക്ക് ഏറെയൊന്നും കൂട്ടിചേര്‍ക്കാന്‍ ആയില്ല. സ്‌കോര്‍ 89ല്‍ എത്തിനില്‍ക്കേ നാല് വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ഇഷാന്‍ കിഷന്‍ 23 റണ്‍സെടുത്തു. കീറണ്‍ പൊള്ളാര്‍ഡും (41) ഹാര്‍ദ്ദിക്ക് പാണ്ഡ്യ(16)യുമാണ് മുംബൈയെ കരകയറ്റിയത്. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 149 റണ്‍സെടുത്തത്. ചെന്നൈയ്ക്കുവേണ്ടി ദീപക് ചാഹര്‍ മൂന്നും ശ്രാദുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 

Tags:    

Similar News