നിസാമുദ്ദീനില്‍ ഒരൊറ്റ കൊവിഡ് പോസിറ്റീവ് കേസ് മാത്രം: ഡല്‍ഹി ആരോഗ്യമന്ത്രി
മര്‍കസ് നിസാമുദ്ദീന്‍ പ്രദേശത്തെ 6000ത്തിലേറെ വീടുകളിലും 30,000ത്തിലേറെ ആളുകളെയും പരിശോധിച്ചു. ഇതില്‍ ഒരൊറ്റ കേസ് മാത്രമേ കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗം പരത്തുന്നത് ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് മര്‍കസിലെ മതചടങ്ങില്‍ പങ്കെടുത്തവരാണെന്ന സംഘപരിവാരത്തിന്റെയും ചില മാധ്യമങ്ങളുടെ കുപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി. നിസാമുദ്ദീന്‍ മര്‍കസ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ ആകെ ഒരൊറ്റ കൊവിഡ് പോസിറ്റീവ് കേസ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.
ദക്ഷിണേഷ്യയിലെ പ്രമുഖ മള്‍ട്ടിമീഡിയ വാര്‍ത്താ ഏജന്‍സിയുമായായ എഎന്‍ഐയുമായി സംസാരിക്കുന്നതിനിടെയാണ് സത്യേന്ദ്ര ജെയ്ന്‍ ഇക്കാര്യം പറഞ്ഞത്. ആരോഗ്യവകുപ്പ് ഡല്‍ഹി സംസ്ഥാനത്തെ എല്ലാ ഹോട്ട് സ്‌പോട്ട് ഏരിയകളും പരിശോധിക്കുന്നുണ്ട്. മര്‍കസ് നിസാമുദ്ദീന്‍ പ്രദേശത്തെ 6000ത്തിലേറെ വീടുകളിലും 30,000ത്തിലേറെ ആളുകളെയും പരിശോധിച്ചു. ഇതില്‍ ഒരൊറ്റ കേസ് മാത്രമേ കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിസാമുദ്ദീന്‍ പ്രദേശത്തെ 30,000 ടെസ്റ്റുകളിലും സ്‌ക്രീനിങിലും ഒരെണ്ണം മാത്രമാണ് പോസിറ്റീവ് ആയത്. മര്‍കസ് പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ഭിക്ഷക്കാരനാണ് കൊവിഡ് ബാധ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കേസുകള്‍ വരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഹോട്ട്‌സ്‌പോട്ടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ഏതെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.