സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണങ്ങള്‍ക്ക് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Update: 2021-01-21 12:18 GMT

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണങ്ങള്‍ക്ക് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതോടെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

17 വര്‍ഷത്തിന് ശേഷമാണ് സ്പീക്കര്‍ക്കെതിരെ കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ഉയര്‍ന്നുവരുന്നത്. രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കര്‍ സഭയില്‍ നടത്തിയ നവീകരണത്തില്‍ അഴിമതിയും ധൂര്‍ത്തും ആരോപിച്ച പ്രതിപക്ഷം സ്വര്‍ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശക്തമായി സ്പീക്കറെ പിന്തുണച്ച് രംഗത്ത് വന്നു. സ്പീക്കറും ശക്തമായ രാഷ്ട്രീയ മറുപടികളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിന് നില്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയമെന്ന് പി ശ്രീരാമകൃഷ്ണന്‍ സഭയില്‍ പറഞ്ഞു. സര്‍ക്കാരിനെ അടിക്കാനാവാത്തതിനാല്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിയുകയാണെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു കൊണ്ട് അദ്ദേഹം ആരോപിച്ചു.

എം ഉമ്മര്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസില്‍ തെളിവോ വസ്തുതകളോ ഇല്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമേയുള്ളൂവെന്നും വാദിച്ച് എസ് ശര്‍മ പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രമേയം തള്ളാനാവില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് എം ഉമ്മര്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ പോലെയാണ് സംസാരിക്കുന്നത്. കെഎസ്‌യു നേതാവില്‍ നിന്നും അദ്ദേഹം ഇനിയും വളര്‍ന്നിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കഥകളിയിലെ പകര്‍ന്നാട്ടക്കാരനെ പോലെയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. ആരോപണങ്ങളെ അക്കമിട്ട് നിരത്തി അദ്ദേഹം പ്രതിരോധിച്ചു.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചാണ്. മാധ്യമവാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നിയമ നടപടി സ്വീകരിച്ചില്ല. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണ് പ്രമേയം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സഭയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിയിലേറെ രൂപ ചെലവഴിച്ചു. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണന്‍ വരുത്തിവച്ച ദുര്‍ഗന്ധം ഒരിക്കലും മായില്ലെന്ന് ഉമ്മര്‍ ആരോപിച്ചു.

Tags:    

Similar News