ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; മുന്‍കരുതലില്‍ എറണാകുളം
അണക്കെട്ട് തുറക്കുന്ന സാഹചര്യമുണ്ടായാല്‍ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനുള്ള നടപടി ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജിലും അപ്പപ്പോള്‍ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.ഇടുക്കി, ഇടമലയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളിലെയും നദികള്‍, തോടുകള്‍ എന്നിവയിലെയും ജലനിരപ്പ് കലക്ടറേറ്റിലെ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തില്‍ സൂക്ഷ്മനിരീക്ഷണത്തിലാണ്
കൊച്ചി: ഇടുക്കിയില്‍ ഓറഞ്ചും ഇടമലയാറില്‍ നീലയും അലര്‍ട്ടിലേക്ക് ജലനിരപ്പെത്തിയതോടെ എറണാകുളം ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികളിലേക്ക്.അണക്കെട്ട് തുറക്കുന്ന സാഹചര്യമുണ്ടായാല്‍ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനുള്ള നടപടി ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജിലും അപ്പപ്പോള്‍ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.ഇടുക്കി, ഇടമലയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളിലെയും നദികള്‍, തോടുകള്‍ എന്നിവയിലെയും ജലനിരപ്പ് കലക്ടറേറ്റിലെ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തില്‍ സൂക്ഷ്മനിരീക്ഷണത്തിലാണ്.
ആലുവ, മുവാറ്റുപുഴ, കോതമംഗലം, പറവൂര്‍ താലൂക്കുകളിലെ തീരവും താഴ്ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഉചിതമായ സ്ഥലങ്ങളില്‍ താല്‍ക്കാലിക ക്യാംപുകള്‍ സജ്ജമാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലിസ്, അഗ്‌നി രക്ഷ സേന, റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ക്യാംപുകളില്‍ ആരോഗ്യ വകുപ്പിന്റെ സേവനവും ഉറപ്പാക്കും.കൊവിഡ് രോഗികളെയും രോഗലക്ഷണം ഉള്ളവരെയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും.പറവൂര്‍, ആലുവ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് മന്ത്രി പി രാജീവ് ആലുവ താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തും.
ആളുകളെ മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഗതാഗത സൗകര്യം ക്രമീകരിക്കാന്‍ ആര്‍ടിഒ ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തടസങ്ങള്‍ നീക്കുന്നതിനുള്ള എസ്‌കവേറ്ററുകളും, സമാന വാഹനങ്ങളും ഏര്‍പ്പെടുത്തും. ടോറസ് ലോറികളും സജ്ജീകരിക്കും.ഇന്നും വരും ദിവസങ്ങളിലും നദിയിലെ ജലപ്രവാഹത്തെ ബാധിക്കുന്ന രീതിയില്‍ വേലിയേറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തലെന്നും പെരിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരക്കിലും താഴെയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂതത്താന്‍ കെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നു വച്ചിരിക്കുകയാണ്. പാതാളം, കണക്കന്‍ കടവ് എന്നിവ അടക്കമുള്ള ബണ്ടുകളും സഌയിസ് ഗേറ്റുകളും തുറന്ന് ജലപ്രവാഹം സുഗമമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.