ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണം
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകളും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകളും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനാണ് ടെലിവിഷന്‍ മാധ്യമങ്ങളെ മോണിറ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് ഇത്തരത്തിലൊരു സ്വതന്ത്ര നിരീക്ഷണ സ്ഥാപനം ഇല്ലായിരുന്നു. കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാന്‍ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ വന്ന ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകളായ ഹോട്ട്സ്റ്റാര്‍, നെറ്റ്ഫല്‍ക്സ്, ആമസോണ്‍ പ്രൈം വിഡിയോ എന്നിവരെല്ലാം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍.