ഇസ്രായേല്‍ ഇതുവരെ തകര്‍ത്തത് 1,66,000 ഫലസ്തീന്‍ ഭവനങ്ങള്‍; വഴിയാധാരമായത് പത്തുലക്ഷത്തിലധികം പേര്‍
ഈ വര്‍ഷം സപ്തംബര്‍ വരെ അധിനിവേശ സേന 450 ഭവനങ്ങളും സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ചിലത് ഫലസ്തീനികളെ കൊണ്ടുതന്നെ പൊളിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.
ജറുസലേം: 1948ല്‍ ഫലസ്തീന്‍ ഭൂമി കൈയേറി ജൂത രാഷ്ട്രം സ്ഥാപിച്ചതിനു ശേഷം ഇസ്രായേല്‍ ഇതുവരെ തകര്‍ത്തത് 1,66,000 ഫലസ്തീന്‍ ഭവനങ്ങളെന്ന് അധിനിവിഷ്ട ജറുസലേമിലെ അറബ് സ്റ്റഡീസ് അസോസിയേഷന്റെ ലാന്‍ഡ് റിസര്‍ച്ച് സെന്റര്‍ റിപോര്‍ട്ട്. പത്തുലക്ഷത്തിലധികം ഫലസ്തീനികള്‍ ഇതിന്റെ ഫലമായി വഴിയാധാരമായെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ വര്‍ഷം സപ്തംബര്‍ വരെ അധിനിവേശ സേന 450 ഭവനങ്ങളും സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ചിലത് ഫലസ്തീനികളെ കൊണ്ടുതന്നെ പൊളിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ ഭരണകൂടം ഫലസ്തീനികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നയമാണ് സ്വീകരിച്ചുവരുന്നത്. ഇതുമൂലം അനുമതിയില്ലാതെ ഭവനങ്ങള്‍ പണിയാന്‍ ഫലസ്തീനികള്‍ നിര്‍ബന്ധിതരാവുകയാണ്-റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1967ലെ ആറ് ദിന യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് ഇസ്രായേല്‍ കൈവശപ്പെടുത്തി. ഫലസ്തീനികള്‍ക്ക് വീടുനിര്‍മിക്കാന്‍ അപൂര്‍വമായി മാത്രം അനുമതി നല്‍കുന്ന ഇസ്രായേല്‍, കെട്ടിട നിര്‍മാണ അനുമതിയില്ലെന്ന് ആരോപിച്ച് ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെ ന്യായീകരിക്കലാണ് പതിവ്. അതേസമയം, അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ ആയിരക്കണക്കിന് ജൂതപാര്‍പ്പിട കേന്ദ്രങ്ങള്‍ക്കാണ് സയണിസ്റ്റ് രാഷ്ട്രം അംഗീകാരം നല്‍കുന്നത്. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ മാത്രം താമസ സൗകര്യമില്ലാത്ത 25000 കുടുംബങ്ങള്‍ ഉണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭവന നിര്‍മാണത്തിന് നിയന്ത്രണംകൊണ്ടുവരുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം മേഖലയിലെ തദ്ദേശീയരെ നഗരംവിടാന്‍ പ്രേരിപ്പിക്കലാണെന്ന് ഫലസ്തീനികള്‍ വിശ്വസിക്കുന്നു.
അധിനിവിഷ്ട പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ അനുവദിച്ച കെട്ടിട അനുമതികളുടെ എണ്ണം 2020 രണ്ടാം പാദത്തില്‍ 45 ശതമാനം കുറഞ്ഞതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഫലസ്തീനികള്‍ക്ക് കെട്ടിട അനുമതി നേടുന്നത് ഫലത്തില്‍ അസാധ്യമാക്കുന്നുവെന്ന് യുഎന്‍ ഓഫിസ് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒച്ച) 2019 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേല്‍ കെട്ടിട അനുമതി നിരസിച്ചതിനാല്‍ ആയിരക്കണക്കിന് ഫലസ്തീനികളാണ് സ്വന്തം ഭവനങ്ങള്‍ പൊളഇച്ചുനീക്കാന്‍ നിര്‍ബന്ധിതരായത്.