ബംഗളൂരുവില്‍ ഉറവിടമറിയാത്ത 3000ലധികം കൊവിഡ് രോഗികളെ കാണാനില്ല

സാംപിള്‍ പരിശോധനയ്ക്കു വരുമ്പോള്‍ തെറ്റായ മൊബൈല്‍ നമ്പറും വിലാസവും നല്‍കിയാണ് രോഗികള്‍ കടന്നുകളഞ്ഞത്.

Update: 2020-07-25 18:02 GMT

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഉറവിടമറിയാത്ത 3000ലധികം കൊവിഡ് രോഗികളെ കാണാനില്ല. കൊവിഡ് സ്ഥിരീകരിച്ച 3,338 പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണന്ന് ആരോഗ്യ വകുപ്പും പോലിസും അറിയിച്ചു.

നഗരത്തിലെ കൊവിഡ് ബാധിച്ച ആളുകളില്‍ ഏഴ് ശതമാനം വരും ഇവര്‍. സാംപിള്‍ പരിശോധനയ്ക്കു വരുമ്പോള്‍ തെറ്റായ മൊബൈല്‍ നമ്പറും വിലാസവും നല്‍കിയാണ് രോഗികള്‍ കടന്നുകളഞ്ഞത്. പരിശോധന ഫലം വന്ന ശേഷം ഇവരെ ഇപ്പോള്‍ കണ്ടെത്താനാവുന്നില്ലന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് കേസുകളില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഐടി നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏകദേശം 16,000 ല്‍ നിന്ന് 27,000 കേസുകളായി വര്‍ദ്ധിച്ചു കര്‍ണാടകയില്‍ പകുതിയോളം കേസുകള്‍ ബംഗളൂരുവില്‍ നിന്ന് മാത്രമാണ് റിപോര്‍ട്ട് ചെയ്യുന്നത്. കാണാതായ രോഗികളെ കണ്ടെത്താന്‍ മാര്‍ഗമില്ലെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച ശേഷം അവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ടോയെന്നും ആര്‍ക്കും അറിയില്ല. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ സ്രവ പരിശോധനയ്ക്ക് എത്തുന്നവരുടെ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടാനും മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. രോഗബാധിതരായ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമെമ്മും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ അറിയിച്ചു

നിലവില്‍ 5000 കൊവിഡ് കേസുകളാണ് ഇന്ന് കര്‍ണാടകയില്‍ റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 2036 കേസുകളും ബംഗളൂരുവില്‍ നിന്നാണ്. ഇന്ന് 72 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 30 മരണങ്ങളും ബംഗളൂരുവില്‍ നിന്നാണ്.


Tags:    

Similar News