'രാജ്യദ്രോഹക്കുറ്റത്തിന് ബിജെപി മന്ത്രിയെ പുറത്താക്കുക'; സഭയില്‍ കിടന്നുറങ്ങി കോണ്‍ഗ്രസ് പ്രതിഷേധം

മന്ത്രിയെ പുറത്താക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രതിഷേധമുയര്‍ത്തി സഭ പിരിഞ്ഞിട്ടും രാത്രിയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങിയില്ല. സഭയുടെ നിലത്ത് തുണിവിരിച്ച് അംഗങ്ങള്‍ കിടന്നുറങ്ങി.

Update: 2022-02-18 05:57 GMT

ബെംഗളൂരു: കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തിനെതിരേ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രിയെ പുറത്താക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രതിഷേധമുയര്‍ത്തി സഭ പിരിഞ്ഞിട്ടും രാത്രിയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങിയില്ല. സഭയുടെ നിലത്ത് തുണിവിരിച്ച് അംഗങ്ങള്‍ കിടന്നുറങ്ങി.

കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്നായിരുന്നു കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയുടെ പ്രസ്താവന. ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകും എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി, മുന്‍ മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.

കോണ്‍ഗ്രസ് നേതാക്കളുമായി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി. സഭയ്ക്കുള്ളില്‍ രാത്രി തങ്ങരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. സ്പീക്കറും പ്രതിപക്ഷത്തോട് സംസാരിച്ചു. ഫലമുണ്ടായില്ല. അടുത്ത ദിവസവും പ്രതിപക്ഷത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. ഭരണഘടനാ തലവനാണ് ഗവര്‍ണര്‍. രാജ്യദ്രോഹ പരാമര്‍ശം നടത്തിയ മന്ത്രി ഈശ്വരപ്പയെ പുറത്താക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ അദ്ദേഹം സര്‍ക്കാരിന് നല്‍കണം. ഈശ്വരപ്പയ്‌ക്കെതിരേ മുഖ്യമന്ത്രിയും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈശ്വരപ്പയെ ഉപയോഗിച്ചുകൊണ്ട് ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ, താന്‍ രാജിവെച്ച് ഒഴിയില്ലെന്നാണ് ഈശ്വരപ്പ പ്രതികരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദേശീയ പതാകയെ കുറിച്ചുള്ള വിവാദപരാമര്‍ശം ഈശ്വരപ്പ നടത്തിയത്. കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്നായിരുന്നു കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പയുടെ പ്രസ്താവന. ത്രിവര്‍ണ്ണ പതാകയാണ് നിലവില്‍ ദേശീയ പതാക. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു. ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് വിവാദത്തിന് തിരികൊടുത്തത്.

Tags:    

Similar News