'ഉവൈസിയും ബിജെപിയും മാമന്‍-അനന്തരവന്‍ ബന്ധം'; സിഎഎ പിന്‍വലിക്കാന്‍ നേരിട്ട് പറഞ്ഞാല്‍ മതി'; ഉവൈസിക്കെതിരേ രാകേഷ് ടിക്കായത്ത്

ചാനല്‍ ചര്‍ച്ചകളില്‍ പറയാതെ ഇക്കാര്യം ഉവൈസി നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കണമെന്നായിരുന്നു ടിക്കായത്തിന്റെ മറുപടി

Update: 2021-11-22 17:52 GMT

ലഖ്‌നൗ: മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച പോലെ പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് ടിക്കായത്ത് രൂക്ഷമായി വിമര്‍ശിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട ഉവൈസിയുടെ ആവശ്യം സൂചിപ്പിച്ചപ്പോള്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് കൂടിയായ രാകേഷ് ടിക്കായത്ത് ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്.

ചാനല്‍ ചര്‍ച്ചകളില്‍ പറയാതെ ഇക്കാര്യം ഉവൈസി നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കണമെന്നായിരുന്നു ടിക്കായത്തിന്റെ മറുപടി. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കര്‍ഷകര്‍ നടത്തിയ കിസാന്‍ മഹാപഞ്ചായത്തിന് വേണ്ടി എത്തിയതായിരുന്നു ടിക്കായത്ത്. ഉവൈസിയും ബിജെപിയും തമ്മില്‍ മാമനും അനന്തരവനും പോലുള്ള ബന്ധമാണ്. സിഎഎ പിന്‍വലിക്കേണ്ട കാര്യം ടിവി ചാനകളില്‍ ഇരുന്ന് ആവശ്യപ്പെടുകയല്ല വേണ്ടത്. അദ്ദേഹത്തിന് നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാമല്ലോ എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

സിഎഎഎന്‍ആര്‍സി പിന്‍വലിച്ചില്ലെങ്കില്‍ തെരുവുകള്‍ വീണ്ടും ഷാഹീന്‍ ബാഗമായി മാറുമെന്ന് ഉവൈസി എംപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഉവൈസി ഇങ്ങനെ പ്രതികരിച്ചത്. യുപിയില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് പാര്‍ട്ടിയും മല്‍സരിക്കുന്നുണ്ട്. സിഎഎ ഭരണഘടനയ്ക്ക് എതിരാണ്. നിയമം പിന്‍വലിക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ വീണ്ടും ഷാഹീന്‍ബാഗുകള്‍ സൃഷ്ടിക്കപ്പെടും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് മോദി ഇപ്പോള്‍ വിവാദ നിയമം പിന്‍വലിച്ചതെന്നും ഉവൈസി പറഞ്ഞു.

Tags:    

Similar News