അഖിലേഷ് യാദവും യോഗിയും വേര്‍പിരിഞ്ഞു കഴിയുന്ന സഹോദരന്മാര്‍: അസദുദ്ദീന്‍ ഉവൈസി

Update: 2022-02-19 18:11 GMT

ലഖ്‌നൗ: എസ്പി നേതാവ് അഖിലേഷ് യാദവും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വേര്‍പിരിഞ്ഞു കഴിയുന്ന സഹോദരന്മാരാണെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തലവനും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ജലാധുന്‍ ജില്ലയിലെ മധോഗഢ് നിയമസഭാ മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ഉവൈസിയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെയും സമാജ്‌വാദി പാര്‍ട്ടിയെയും മുത്തലാഖ് ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും മനോഭാവം ഒന്നാണെന്നും ക്രൂരതയും പരുക്കന്‍ സ്വഭാവവും രണ്ടുപേര്‍ക്കുമുണ്ടെന്നും നേതാക്കളായല്ല, ചക്രവര്‍ത്തിമാരായാണ് ഇരുവരും സ്വയം കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

'മോദി മുത്തലാഖിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, ബിജെപിയോടും എസ്പിയോടും ജനങ്ങള്‍ മൂന്നു വട്ടം തലാഖ് പറയണം, ഇതോടെ യുപിയില്‍ അവരുടെ കഥ തീരും' എഐഎംഐഎം തലവന്‍ പറഞ്ഞു. താന്‍ ഡല്‍ഹിയിലെ രാജാവിന്റെ മന്ത്രിയായാണ് യുപി മുഖ്യമന്ത്രി വിചാരിക്കുന്നതെന്നും ഇത്തരക്കാരെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റണമെന്നും ഉവൈസി പറഞ്ഞു. അഖിലേഷിനെയും യോഗിയെയും വീട്ടിലിരുത്തിയാലേ ദലിതര്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, പാവങ്ങള്‍ എന്നിവര്‍ക്ക് രക്ഷയുള്ളൂവെന്നും ഉവൈസി അഭിപ്രായപ്പെട്ടു. യുപിയില്‍ ഭാഗിധരി പരിവര്‍ത്തന്‍ മോര്‍ച്ചക്കൊപ്പം സഖ്യമുണ്ടാക്കിയാണ് ഉവൈസി മല്‍സരിക്കുന്നത്.

Tags:    

Similar News