കോട്ടയം: മുന്നണിയില്‍ എടുക്കാത്തതിന്റെ രോഷം തീരാതെ പി സി ജോര്‍ജ്ജ്. നേരത്തെ യുഡിഎഫിനും മുസ് ലിംകള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പി സി ജോര്‍ജ്ജ് ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തി.
ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു. യുഡിഎഫ് പ്രവേശം തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്നും മിക്ക നേതാക്കളും തന്നെ സ്വീകരിക്കണമെന്നും പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി ഇത് തടഞ്ഞെന്നും നേരത്തെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു.
ജനപക്ഷം സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. സ്ഥാനാര്‍ഥി ആയി തന്നെ പാര്‍ട്ടി പ്രഖ്യാപിച്ചു. ആര് പിന്തുണ നല്കിയാലും സ്വീകരിക്കും. യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്മാരാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
മുന്നണി പ്രവേശം എന്ന സ്വപ്നം പൊലിഞ്ഞതോടെ യുഡിഎഫിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് പി സി ജോര്‍ജ്ജ് രംഗത്തെത്തിയത്. യുഡിഎഫ് ജിഹാദികളുടെ പാര്‍ട്ടിയായി മാറിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.
പി സി ജോര്‍ജിനെ യുഡിഎഫിലേക്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് യുഡിഎഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചത്. രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പി സി ജോര്‍ജ് യുഡിഎഫിന് മുന്നില്‍ വെച്ച ഡിമാന്റ്. എന്നാല്‍ രണ്ടും മുന്നണി നേതൃത്വം തള്ളി.
യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ എന്‍ഡിഎ നേതാക്കളുമായി നാളെയും മറ്റന്നാളും സംസാരിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.