'പി സി ജോര്‍ജ് ഒളിവിലല്ല, പിണറായിയുടെ പോലിസിന് പിടികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല' സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്

Update: 2022-05-22 07:48 GMT

കോട്ടയം: പി സി ജോര്‍ജ് ഒളിവിലല്ലെന്നും ഒരു കാരണവശാലും പിണറായിയുടെ പോലിസിന് കീഴടങ്ങില്ലെന്നും മകന്‍ ഷോണ്‍ ജോര്‍ജ്. 'പി.സി ജോര്‍ജ് പിണറായിയുടെ പോലിസിന് പിടികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. നമ്മള്‍ക്കെതിരെ പോലിസാണ് വരുന്നതെങ്കില്‍ കുഴപ്പമില്ല. പിണറായി വിജയന് തൃക്കാക്കരയില്‍ നേട്ടമുണ്ടാക്കാന്‍ നിന്നുകൊടുക്കേണ്ട ആവശ്യം പി സി ജോര്‍ജിനില്ലെന്നും ഷോണ്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

സര്‍ക്കാറിന്റെ മുന്നിലുള്ളത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്. ഇപ്പോള്‍ ഏതെങ്കിലും തരത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്താല്‍ കുറേ ആളുകളെ പ്രീണിപ്പിക്കാന്‍ കഴിയും. ആ പ്രീണന രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

'34 മിനിറ്റുള്ള പ്രസംഗത്തിലെ അവിടെയും ഇവിടെയും അടര്‍ത്തിമാറ്റിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തലയും വാലുമില്ലാതെ പോലിസ് ഹാജരാക്കിയതേ കോടതിക്ക് പരിഗണിക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയില്‍ ഈ പ്രസംഗത്തെ കുറിച്ച് കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിയും എന്ന് വിശ്വാസമുണ്ടെന്നും ഷോണ്‍ പറഞ്ഞു.

'പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യില്ല എന്ന് കമ്മീഷണര്‍ പറഞ്ഞിട്ട് രണ്ട് മണിക്കൂറിന് ആ തീരുമാനം മാറ്റണമെങ്കില്‍ കമ്മീഷണറുടെ തീരുമാനമല്ല. അത് രാഷ്ട്രീയ തീരുമാനമാണ്. നടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുദിവസം കഴിഞ്ഞിട്ട് നടന്‍ കേരളത്തിലെ എയര്‍പോട്ടില്‍ നിന്ന് സുഖമായി വിമാനം കയറിപ്പോയല്ലോ. അയാളെ പിടിക്കാന്‍ ഈ ഉത്സാഹമൊന്നും കാണിക്കുന്നില്ലല്ലോ. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന ഐ എ എസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പോലിസ് തെരയുന്ന പിസി ജോര്‍ജിനെ കണ്ടെത്താനായില്ലെന്നാണ് പോലിസ് പറയുന്നത്. ഉച്ചക്ക് വീട്ടില്‍ നിന്ന് പുറത്തു പോയ പി സി ജോര്‍ജ് ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ജോര്‍ജിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ലൊക്കേഷന്‍ ലഭ്യമല്ലെന്നും പോലിസ് പറഞ്ഞു. തൃക്കാകര എസ്പിയുടെ നേതൃത്വത്തില്‍ പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

വെണ്ണലയില്‍ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്.

Tags:    

Similar News