പൊതുജനങ്ങളെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പോലിസിംഗ്; കാര്യങ്ങള്‍ ഗുരുതരമെന്ന് പി സി വിഷ്ണുനാഥ്
കോഴിക്കോട്: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് പല തവണ പ്രതിപക്ഷവും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്ന് പി സി വിഷ്ണുനാഥ്. മഹാമാരിയെ ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ കണ്ട് പൊതുജനങ്ങളെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പോലിസിംഗ് രീതിയും വാക്‌സിന്‍ വിതരണത്തിലുള്ള ഏകോപനകുറവുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അത്യന്തം ഗുരുതരമാണ് കാര്യങ്ങളെന്നും വിഷ്ണുനാഥ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം.
'തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തിരുത്താനുള്ള മനോഭാവം സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ആന്റിജന്‍ ആശ്രിത ടെസ്റ്റിംഗ് രീതി തൊട്ട് പലതും സര്‍ക്കാര്‍ വളരെ നേരത്തെ തിരുത്തേണ്ടിയിരുന്നു. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമായിട്ടും അത്തരമൊരു മനോഭാവമല്ല സര്‍ക്കാരില്‍ നിന്നുമുണ്ടായത്'. വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണ് എന്ന് പല തവണ പ്രതിപക്ഷവും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മഹാമാരിയുടെ തുടക്കം മുതലും ഇപ്പോള്‍ സാമാജികനെന്ന നിലയില്‍ നിയമസഭയിലും കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകള്‍ വ്യക്തിപരമായി ഓരോ ഘട്ടത്തിലും ചൂണ്ടിക്കാണിച്ചതാണ്. തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തിരുത്താനുള്ള മനോഭാവം സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ആന്റിജന്‍ ആശ്രിത ടെസ്റ്റിംഗ് രീതി തൊട്ട് പലതും സര്‍ക്കാര്‍ വളരെ നേരത്തെ തിരുത്തേണ്ടിയിരുന്നു. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമായിട്ടും അത്തരമൊരു മനോഭാവമല്ല സര്‍ക്കാരില്‍ നിന്നുമുണ്ടായത്.
ഇപ്പോള്‍, ആസൂത്രിതമായ പ്രചാരണങ്ങള്‍ക്കും പരാജയത്തെ മറച്ചു പിടിക്കാന്‍ കഴിയാതായപ്പോള്‍ ഉദ്യോഗസ്ഥന്മാരുടെ തലയില്‍ വീഴ്ചകള്‍ കെട്ടിവെക്കാനുള്ള നീക്കമാണ്.
കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് രോഗ വ്യാപനം തടയാന്‍ സാധിക്കുന്നില്ല. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും കേരളം രാജ്യത്ത് ഏറ്റവും മുന്‍പിലെത്തിയിരിക്കുന്നു. കൂടുതല്‍ മലയാളികള്‍ രോഗികളാവുന്നു. കൊവിഡ് സാധാരണക്കാര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തികമായ ദുരിതവും ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന വിഷമങ്ങളും സര്‍ക്കാരിന് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. വിവിധ മേഖലകളിലെ ആളുകള്‍ ആത്മഹത്യയിലേക്ക് പോലും എത്തിപ്പെടുന്നു. മഹാമാരിയെ ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ കണ്ട് പൊതുജനങ്ങളെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പോലിസിംഗ് രീതിയും വാക്‌സിന്‍ വിതരണത്തിലുള്ള ഏകോപനകുറവുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അത്യന്തം ഗുരുതരമാണ് കാര്യങ്ങള്‍.
പിസി വിഷ്ണുനാഥ്.