സ്പ്രിങ്ഗ്ലറിൻ്റെ സൗജന്യ സേവനം; ധനവകുപ്പ് പരിശോധിച്ചതിന്റെ രേഖകൾ എവിടെയെന്ന് പി സി വിഷ്ണുനാഥ്
എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാർക്ക് അമേരിക്കയോടും അമേരിക്കൻ നിയമ വ്യവസ്ഥയോടും ഇത്ര സ്നേഹം തോന്നിയതെന്ന് പൊതുജനം ആലോചിക്കട്ടെ.
തിരുവനന്തപുരം: സ്പ്രിങ്ഗ്ലറുമായ് ബന്ധപ്പെട്ട യഥാർത്ഥ ഇടപാടുകളും പാളിച്ചകളും മറച്ചുവെക്കാൻവേണ്ടി വിവാദം വഴിതിരിച്ചുവിടാനാണ് സർക്കാർ സംവിധാനങ്ങളും സിപിഎം നേതാക്കളും ശ്രമിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്. എന്നാൽ സ്പ്രിങ്ഗ്ലറിന്റേത് സൗജന്യ സേവനം പോലുമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
കൊവിഡ് പ്രതിരോധത്തിന് വലിയ രീതിയിൽ ഡാറ്റ ശേഖരണവും വിശകലനവും അനിവാര്യമായി വരുമെന്നത് വസ്തുതയാണ്, അതിന് നിയമ ചട്ടങ്ങളുടെ ഉള്ളിൽ നിന്നുകൊണ്ടു സുതാര്യമായി, അനിവാര്യമുള്ള വിവരസുരക്ഷ മുൻകരുതലുകളെടുത്തു കൊണ്ടു നടപടികൾ കൈക്കൊള്ളണമെന്നു മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടുന്നത്.
കോടിക്കണക്കിന് രൂപ ചെലവിട്ട് കേരളം ഡാറ്റ സെന്റർ നടത്തി കൊണ്ടുപോകുന്നത് സർക്കാരിന് അടിയന്തരമായ സാഹചര്യത്തിൽ ഡാറ്റ മാനേജിങ് ആവശ്യങ്ങൾ നടത്തുകയെന്ന ഉദ്ദേശത്തിൽ കൂടിയാണ്, വെള്ളാന ആക്കാൻ അല്ല. ലോകത്തിൽ ആകമാനം പകർച്ചവ്യാധി നിയന്ത്രണ യജ്ഞത്തിൽ ആവശ്യമായ ഡാറ്റ മാനേജിങ് സൊലൂഷൻ നൽകുന്ന ധാരാളം സ്വതന്ത്ര സോഫ്റ്റ് വെയർ മാർഗങ്ങൾ റേഡിമെയ്ഡ് ആയി ലഭ്യമാണ്. ഇവയിൽ പലതും ഒന്നിലധികം രാജ്യങ്ങൾ കോവിഡ് നിയന്ത്രണത്തിൽ ഉപയോഗിക്കുന്നുമുണ്ട്. അച്യുതാനന്ദൻ സർക്കാരിന്റെ സമയത്ത് കേരളം സ്വതന്ത്ര സോഫ്റ്റ്‌വേയർ നയം സ്വീകരിച്ചതാണ്, ഇപ്പോൾ പിണറായി സർക്കാരിന്റെ കാലത്ത് എന്തിനാണ് ഈ യൂ-ടേൺ എന്ന് വിശദീകരിക്കണം.
കേരളത്തിന്റെ ആവശ്യങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ മാർഗങ്ങൾ കൊണ്ടു പരിഹരിക്കാൻ പറ്റാത്തതാണെങ്കിൽ അതിന്റെ കാരണം സർക്കാർ വിശദീകരിക്കണമായിരുന്നു. എന്നാൽ ഇതുവരെ വിശദീകരിച്ചില്ല.
സ്പ്രിങ്ഗ്ലർ ലോകാരോഗ്യ സംഘടനയുമായി പ്രോണോ ബോണോ (Prono bono) രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെയും സ്പ്രിങ്ഗ്ലറിന്റെയും ഔദ്യോഗിക വെബ്‌പേജുകളിൽ നിന്നും വ്യക്തമാണ്. സ്വയം മുന്നോട്ടുവന്ന് ഒരു കമ്പനി ചെയ്യുന്ന സന്നദ്ധ സേവന രീതിയെയാണ് പ്രോണോ ബോണോ എന്ന ലത്തീൻ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. പൊതുജനത്തിന്റെ സ്വകാര്യ വിവരങ്ങൾ ഒരു സിറ്റിസൻ പോർട്ടൽ വെച്ചു ശേഖരിച്ച് അതിൽ അപഗ്രഥനം ചെയ്തു സർക്കാരിന് റിപ്പോർട്ട് നൽകുന്ന കരാറിലാണ് കേരള സർക്കാറും സ്പ്രിങ്ഗ്ലറും ഒപ്പുവെച്ചത്. ഇങ്ങനെ ഒരു സേവനം നിലവിൽ സ്പ്രിങ്ഗ്ലറിന് കേരള സർക്കാർ അല്ലാതെ വേറെയാരും നൽകുന്നില്ല. ലോകാരോഗ്യ സംഘടന പൊതുജനങ്ങൾക്കു നൽകുന്ന വിവരങ്ങളായ കൊവിഡ് ബാധിതരായി എത്രപ്പേരെ സ്ഥിരീകരിച്ചു, എത്രപ്പേർ മരിച്ചു, എത്രപ്പേർ ചികിത്സയിൽ കഴിയുന്നു, എത്രപ്പേരെ പരിശോധിച്ചു തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അല്ലാത്ത ഇത്തരം പൊതുവായ വിവരങ്ങൾ അടിസ്ഥാനമാക്കി പൊതുജനങ്ങൾക്കു കാണാൻ ഗ്രാഫിക്കൽ ചിത്രങ്ങൾ അടങ്ങിയ ഡാഷ്ബോർഡ് മാത്രമാണ് സ്പ്രിങ്ഗ്ലർ തയ്യാറാക്കിയത്. ഫേസ്ബുക്കിൽ ഇത് വിശദീകരിക്കാൻ ചാറ്റ് വിന്റോകളുമുണ്ട്. സമാനമായ ഡാഷ്ബോർഡിൽ വിവരങ്ങൾ തരുന്ന ധാരാളം ടെക്നോളജി കമ്പനികളുണ്ട്. ഉദാഹരണത്തിന് മൈക്രോസോഫ്റ്റിന്റെ ബിംഗ് ചെയ്ത കോവിഡ് ട്രാകിങ് ഡാഷ്ബോർഡ്: https://www.bing.com/covid?fbclid=IwAR37N_IX7e_cJcn7LWsXHpDQYTsEqjudwqgWgTDwHvDJDEXA5NjRbPJUB6k എന്നാണ്.
ഐടി ഡിപ്പാർട്ട്‌മെന്റ് കൊവിഡ് നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായുള്ള ഡാറ്റ ശേഖരണ, വിശകലന ആവശ്യത്തിന് സ്പ്രിങ്ഗ്ലർ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച സേവനദാതാക്കൾ എന്നു കണ്ടെത്തിയെങ്കിൽ ആ മാനദണ്ഡങ്ങൾ വിവരിക്കുന്ന റിപ്പോർട്ട് പൊതുജനങ്ങളുടെ മുൻപിൽ വയ്ക്കണം. ഐടി സെക്രട്ടറി ചാനൽ ഇന്റർവ്യൂ പറഞ്ഞത് അദ്ദേഹം സ്വന്തം റിസ്കിൽ തീരുമാനമെടുത്തുവെന്നാണ്. സ്പ്രിങ്ഗ്ലർ സർക്കാരിനു സൗജന്യ സേവനമാണ് നൽകുന്നതെന്നു പറയുന്നത് സാങ്കേതികമായി ശരിയല്ല. സേവനങ്ങൾക്കുള്ള ബില്ലിന്റെ തുകയുടെ സ്ഥാനത്ത് ടിബിഡി എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് റ്റു ബി ഡിസൈഡഡ്. സൗജ്യനമാണ് സേവനമെങ്കിൽ അത് കമ്പനി നേരിട്ടു വ്യക്തമായി പറണം, എന്തിനാണ് ഈ വളച്ചുകെട്ടൽ?
ഈ കരാറിൽ സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലെന്ന് ധനവകുപ്പ് പരിശോധിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടുണ്ടോ?. അങ്ങനെയെങ്കിൽ ധനകാര്യ വകുപ്പ് പരിശോധിച്ചതിന്റെ രേഖകൾ പുറത്തുവിടണം. നോൺ ഡിസ്ക്ലോഷർ എഗ്രിമെൻ്റ് സ്പ്രിങ്ഗ്ലറുമായി കേരള സർക്കാർ ഒപ്പിട്ടു വാങ്ങുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രിൽ 10ന് ആരോപണം ഉന്നയിച്ച് നാല് ദിവസങ്ങൾക്കും വലിയ വിവാദങ്ങൾക്കും ശേഷം ഏപ്രിൽ 14 നു മാത്രമാണ്. മാർച്ച് 27 നു സർക്കാർ ഡാറ്റ സ്പ്രിങ്ഗ്ലർ ശേഖരിച്ച് തുടങ്ങിയിരുന്നു.
ഇന്ത്യയിൽ ഉള്ള സെർവറിൽ ഡാറ്റ സൂക്ഷിക്കുമെന്ന കാര്യം സ്പ്രിങ്ഗ്ലർ രേഖാമൂലം സമ്മതിക്കുന്നത് വിവാദം ഉണ്ടായതിനു ശേഷം ഏപ്രിൽ 12നു വന്ന റിവൈസ്ഡ് അഫിർമേഷൻ മെയിലിൽ മാത്രമാണ്. സർക്കാരിന്റെ സിഡിറ്റിന്റെ നേതൃത്വത്തിൽ ഉള്ള ആമസോൺ വെബ്സെർവറിൽ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത് ഇതിനും ദിവസങ്ങൾക്കു ശേഷമാണ്. സ്പ്രിങ്ഗ്ലർ നിലവിൽ തന്നെ തങ്ങളുടെ ആമസോൺ സെർവർ അക്കൗണ്ടിൽ സൂക്ഷിച്ച ഡാറ്റയുടെ കോപ്പി എടുത്തിട്ടില്ല, പൂർണ്ണമായും കൈമാറിയത്തിന് ശേഷം ബാക്കപ്പ് നശിപ്പിച്ചു എന്നു ഉറപ്പാക്കിയതിന്റെ സാങ്കേതിക വിശദീകരണം എന്താണെന്ന് അറിയണം.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ മൗലിക അവകാശമായ സ്വകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെ ഒരു വിദേശ കമ്പനി ശേഖരിക്കുന്നത് നിസാര വിഷയമല്ല. ആരോഗ്യവകുപ്പ്, ധനകാര്യ വകുപ്പ്, ലീഗൽ ഡിപ്പാർട്ട്‌മെന്റ്, ക്യാമ്പിനറ്റ് തുടങ്ങി ആരെയും അറിയിക്കാതെ എടുത്ത് ഒപ്പുവെച്ച കരാറാണിത്. "കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ കൊവിഡ് ഡാറ്റ അടക്കമുള്ള മുഴുവൻ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് tableau എന്ന അമേരിക്കൻ ഡാറ്റാ മാനേജ്മെന്റ് കമ്പനിയാണ്." ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന പ്രസ്താവനയാണിത്.
tableau എന്നത് വളരെ കോമണായ ഒരു ഡാറ്റാ അനാലിസ് ടൂളാണ്. സ്പ്രിങ്ഗ്ലർ പോലെയല്ല. രാജസ്ഥാൻ സ്റ്റേറ്റ് ഡാറ്റാ സെന്ററാണ് പേഴ്സണൽ ഡാറ്റ സൂക്ഷിക്കുന്നത്. അവിടെ നിന്നും ഉള്ള പേഴ്സണൽ അല്ലാത്ത ഡാറ്റ അനലൈസ് ചെയ്യാൻ ആണ് tableau ഉപയോഗിക്കുന്നത്. അനലൈസ് ചെയ്യേണ്ട ഡാറ്റ മാത്രമാണ് അങ്ങോട്ട് അയക്കുന്നത്. അത് അനോണിമൈസ്ഡായി കൊടുക്കാവുന്നതേ ഉള്ളൂ. അതായത് പേഴ്സണൽ ഡാറ്റ അവർക്ക് കിട്ടില്ല എന്ന് ചുരുക്കം. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ അങ്ങനെ അല്ല. പേഴ്സണൽ ഡാറ്റ സ്റ്റോർ ചെയ്യുന്നത് വരെ പ്രൈവറ്റ് കമ്പനി ആണ്. അത് പോലെ tableau കോവിഡ്19 ആയി ബന്ധപ്പെട്ട് സ്വീകരിച്ചത് ഒന്നുമല്ല; 2017 മുതൽ ബിജെപി സർക്കാർ രാജസ്ഥാൻ ഭരിക്കുമ്പോൾ സ്വീകരിച്ച ടൂളാണ് ഇത്. "മഹാരാഷ്ട്ര സർക്കാരിന്റെ കൊവിഡ് ഡാഷ് ബോർഡ് മൈക്രോസോഫ്ട് ക്ലൗഡ് ആംനസ്റ്റർഡാമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. " ഇതാണ് തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു വാദം. ഇവിടെയും വ്യക്തിഗത ഡാറ്റകൾ ഇല്ല. പൊതുജനത്തിന് അറിയേണ്ട വിവരങ്ങൾ ലഭ്യമാക്കുന്ന ഡാഷ്ബോർഡ് മാത്രമാണ് ഇത്.
https://www.cpim.org/ എന്ന സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ക്ലൗഡ്ഫ്ലെയർ എന്ന അമേരിക്കൻ ഹോസ്റ്റിങ് കമ്പനിയിൽ ആണല്ലോ ചെയ്തിരിക്കുന്നത്. ഇതിനെതിരെ സമാനമായ വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നില്ല. സർക്കാരിന്റെ ഉടമസ്ഥതയിൽ ശേഖരിക്കുന്ന പൗരന്റെ സ്വകാര്യ വിവരങ്ങൾ സുരക്ഷ മുൻകരുതലുകൾ ഇല്ലാതെ ഒരു അമേരിക്കൻ സ്വകാര്യ കമ്പനിയ്ക്കു കൈകാര്യം ചെയ്യാൻ നൽകുന്നതാണ് വിഷയം. സ്പ്രിങ്ഗ്ലറുമായി വാങ്ങിയ കരാറിൽ informed consent" നിർബന്ധമായും വാങ്ങണമെന്നു എഴുതി വെച്ചിരിക്കുന്നു. പക്ഷെ ഏത് സ്ഥാപനം, എന്ത് രീതിയിലാണ് തന്റെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നത് എന്ന കാര്യം പൗരനെ അറിയിക്കാതെയാണ് സ്വകാര്യ വിവരങ്ങൾ വാങ്ങുന്നത്. ഇതിന് എതിരെ ഒരു പരാതി പോലും ഉന്നയിക്കണമെങ്കിൽ അമേരിക്കയിൽ പോകണമെന്ന് വ്യവസ്ഥ ചെയ്താണ് കരാർ ഒപ്പിട്ടത്. അമേരിക്കയിൽ പോയി കേസ് നടത്തുക എത്രപ്പേർക്കു പ്രായോഗികമാണ്? ഇനി കേസ് നടത്താൻ അമേരിക്കൻ കോടതിയിൽ പോകുമ്പോൾ അവർ ഇന്ത്യയിൽ ഉള്ള സെർവറിൽ, ഇന്ത്യക്കാരുടെ ഡാറ്റ ശേഖരിച്ചത് തങ്ങളുടെ നിയമാബാധ്യത അല്ലായെന്നു പറഞ്ഞാൽ എന്ത് ചെയ്യും?
അമേരിക്കൻ നിയമങ്ങളാണ് ശക്തമെന്നും അമേരിക്കയെയാണ് ഇക്കാര്യത്തിൽ വിശ്വസിക്കാൻ പറ്റുന്നതെന്നും പറയുന്ന സിപിഎം നേതാക്കളെ ചാനൽ ചർച്ചകളിൽ പ്രതിരോധിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇന്ത്യൻ കോൺട്രാക്ട് ആക്ട് വളരെ ശക്തമാണ്. കരാർ നിയമലംഘനത്തെപ്പറ്റി കൃത്യമായ വ്യവസ്ഥകളുണ്ട്. എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാർക്ക് അമേരിക്കയോടും അമേരിക്കൻ നിയമ വ്യവസ്ഥയോടും ഇത്ര സ്നേഹം തോന്നിയതെന്ന് പൊതുജനം ആലോചിക്കട്ടെ.
കേരള സർക്കാർ ഒരു അമേരിക്കൻ കമ്പനിക്കുവേണ്ടി തട്ടിപ്പ് നടത്തിയതോടു കൂടി കേരളത്തിലെ മുഴുവൻ സഖാക്കളും വിവര സ്വകാര്യത ഒരു വിഷയമേയല്ല എന്ന രൂപത്തിലേക്ക് രാഷ്ട്രീയത്തെയും പൊതുബോധത്തെയും കൊണ്ടുപോകുന്നത് എത്ര വലിയ അപകടമാണെന്ന് ചിന്തിക്കണം. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാനുസൃതമായ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി എന്തുകൊണ്ടും സ്വാഗതാർഹമാണെന്ന് 2017 ആഗസ്ത് 24ന് എഴുതിയ പിണറായി വിജയന്റെ മലക്കം മറച്ചിൽ മനസിലാക്കാം. എന്നാൽ മുൻ നിലപാടുകൾ വിഴുങ്ങി ഡാറ്റാ കൈമാറ്റം ന്യായീകരിക്കുന്ന മറ്റ് നേതാക്കൾ ഇതു തന്നെയാണോ പാർട്ടിയുടെ നിലപാട് എന്ന് പരിശോധിക്കണം. ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തമുള്ള മന്ത്രിമാരിൽ നിന്നും ഉത്തരവാദിത്തത്തോടെയുള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം വകുപ്പായ ഐടി വകുപ്പിലെ അഴിമതിയെപ്പറ്റി ചോദ്യം ചോദിക്കുമ്പോൾ അതിന് മറുപടി പറയാതെ തന്റെ പാർട്ടിയിലെ പഴയ ആഭ്യന്തര കലഹകാലത്തെ 'മീഡിയ സിൻഡിക്കേറ്റ് ' ഉൾപ്പെടെ പല്ലുകൊഴിഞ്ഞ ആരോപണത്തെ മറുപടിയായി കൊണ്ടുവരുന്നത് ദയനീയമാണ്. ഇത് സിപിഎമ്മിലെ ആഭ്യന്തര കലാപമല്ല, മറിച്ച് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.