സമുദായങ്ങള്‍ തമ്മില്‍ സംശയവും വെറുപ്പും വളര്‍ത്തി മുതലെടുപ്പ് നടത്താന്‍ സിപിഎം നീക്കം: മുസ് ലിംലീഗ്
കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് കലുഷിതമായ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ പരസ്പര വിശ്വാസവും സൗഹര്‍ദ്ദവും വളര്‍ത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന മതേതരകേരളം തള്ളിക്കളയുമെന്ന് മുസ് ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിഷപ്പിന്റെ പ്രസ്താവനയില്‍ ആകുലരായ സമുദായത്തെ ആശ്വസിപ്പിക്കുകയോ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയോ ചെയ്യാതെ കുറ്റകരമായ നിസ്സംഗത പാലിച്ച കേരള സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ലക്ഷ്യം വ്യക്തമാണ്. സര്‍ക്കാര്‍ നിര്‍വ്വാഹിക്കാതെ പോയ ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഏറ്റെടുത്തത്. സമുദായങ്ങള്‍ തമ്മില്‍ സംശയവും വെറുപ്പും വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പുനടത്താനുള്ള സിപിഎം നീക്കം കേരളത്തില്‍ വില പോവില്ല.
രാജ്യത്ത് ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന ഭിന്നിപ്പിച്ചു ഭരിക്കല്‍ നയത്തിന്റെ കേരളത്തിലെ പ്രയോക്താക്കളാകാനാണ് സിപിഎം മുന്‍ കാലങ്ങളിലും ശ്രമിച്ചിട്ടുള്ളത് ഭരണത്തിലെ വീഴ്ചകളും കെടുകാര്യസ്ഥതയും മറച്ചുവെക്കാനും ഇതുവഴി സാധിക്കുമെന്ന ധാരണയാണ്ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
സംസ്ഥാനത്ത് കാലങ്ങളായി നിലനില്‍ക്കുന്ന സമാധാനവും സൗഹാര്‍ദ്ദവും പരിക്കേല്‍ക്കാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും എല്ലാ ശ്രമങ്ങള്‍ക്കും മുസ് ലിം ലീഗ് അകമഴിഞ്ഞ പിന്തുണ നല്‍കും പിഎംഎ സലാം വ്യക്തമാക്കി.