'വോട്ടുകിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാര്‍'; ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്
കോഴിക്കോട്: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യാറാണെന്ന് പി എം എ സലാം പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്ദരേഖയാണിത്. സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരുപ്രാദേശിക നേതാവുമായി സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. വോട്ട് നേടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് പ്രധാനം. അത് ബൂത്ത് കമ്മിറ്റിയോ മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അറിഞ്ഞ് വേണമെന്നില്ല. ബിജെപിക്കാര്‍ വോട്ടുചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ നേരിട്ടുപോയി കാണാന്‍ താന്‍ തയ്യാറാണെന്നുമാണ് ശബ്ദരേഖയില്‍ സലാം പറയുന്നത്. അതേസമയം, ഇത് മുസ്‌ലിം ലീഗിന്റെ നിലപാടല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എങ്കിലും വിവാദ ശബ്ദരേഖയുടെ കാര്യത്തില്‍ പി എം എ സലാമിനും ലീഗ് സംസ്ഥാന നേതൃത്വത്തിനും രാഷ്ട്രീയമായി വിശദീകരണം നല്‍കേണ്ടിവരും.