'എല്ലാ ഭക്തര്‍ക്കും പ്രവേശനം'; സുരേന്ദ്രന്റെ ഭീഷണിക്ക് പിന്നാലെ ശബരിമലയിലെ വിവാദ കൈപ്പുസ്തകം സര്‍ക്കാര്‍ പിന്‍വലിച്ചു

Update: 2022-11-17 09:39 GMT

തിരുവനന്തപുരം: സുപ്രിംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം സര്‍ക്കാര്‍ പിന്‍വലിച്ചു. പോലിസുകാര്‍ക്ക് നല്‍കിയ കൈപ്പുസ്തകത്തിലെ വിവാദ നിര്‍ദേശം പിന്‍വലിക്കണമെന്നും പഴയതൊന്നും മറന്നിട്ടില്ലെന്നുമുള്ള ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഇത് പിന്‍വലിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്. പുസ്തകം പിന്‍വലിക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടു. ഇപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ഉത്തരവ് അല്ല ഇത്. സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ല.

പണ്ട് അടിച്ചുവിട്ടത് അതേ പോലെ കൊടുത്തു. നിലവിലുള്ള സംവിധാനത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ആശങ്കയോ വിവാദമോ ആവശ്യമില്ല. കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്നും മന്ത്രി അറിയിച്ചു. ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. കോടതി നിര്‍ദേശ പ്രകാരമായിരിക്കും തീരുമാനങ്ങള്‍. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ലെന്നും മന്ത്രി സന്നിധാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു. അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ പ്രിന്റ് ചെയ്ത പുസ്തകമാണ് ഇത്തവണ വിതരണം ചെയ്തതെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു.

അതിനാലാണ് തെറ്റുകള്‍ സംഭവിച്ചത്. തെറ്റുകള്‍ തിരുത്തി പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലിസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള വിവാദനിര്‍ദേശമുണ്ടായിരുന്നത്. 28/9/2018ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച യുവതീ പ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ് കൈപ്പുസ്തകത്തില്‍ പറയുന്നത്.

ശബരിമലയില്‍ തീര്‍ത്ഥാടകരോട് പോലിസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകള്‍ എതൊക്കെയാണ് പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പുസ്തകത്തില്‍ ഒന്നാമതായാണ് യുവതി പ്രവേശന വിധി ഓര്‍മ്മപ്പെടുത്തി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ എന്തോ ഉദ്ദേശിക്കുന്നുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചത്. ശബരിമലയില്‍ പോലിസിന് നല്‍കുന്ന നിര്‍ദേശങ്ങളിലെ ആദ്യ വാചകം ദുരുദ്ദേശമാണ്.

സുപ്രിംകോടതി വിധി അനുസരിച്ച് എല്ലാ ആളുകള്‍ക്കും ശബരിലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണെന്നാണ് സന്ദേശം. സര്‍ക്കാര്‍ ഈ ഉദ്ദേശം മുളയിലെ നുള്ളുന്നതാണ് നല്ലത്. ശബരിമലയെ വീണ്ടും പ്രശ്‌നമുള്ള സ്ഥലമാക്കി മാറ്റി വിശ്വാസികളെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍, പഴയതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല. സര്‍ക്കാര്‍ അതില്‍ നിന്ന് എല്ലാം പിന്‍മാറിയതാണ്. ഒരിക്കല്‍ സര്‍ക്കാരിന് കൈപൊള്ളിയ വിഷയമാണ്. വീണ്ടും അത്തരം നീക്കങ്ങളിലേക്ക് എത്തുന്നത് വലിയ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനം നടത്തി കൈപ്പുസ്തകം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്.

Tags:    

Similar News