കോഴിക്കോട്: 2023-2027 കാലത്തേക്കുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീറായി പി മുജീബുറഹ്മാനെ നിയമിച്ചു. അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദതുല്ലാ ഹുസയ്‌നിയാണ് നിയമനം നടത്തിയത്. അറിയപ്പെടുന്ന പ്രഭാഷകനും 2015 മുതല്‍ 2023 വരെ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമാണ്. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായിരുന്നു. ജമാഅത്തെ ഇസ് ലാമി ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി, എസ്‌ഐഒ സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പെരുമ്പിലാവ് അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, വണ്ടൂര്‍ വനിതാ ഇസ് ലാമിയാ കോളജിന്റെ മുഖ്യരക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പി മുജീബുര്‍റഹ്മാന്‍ മീഡിയവണ്‍ ചാനലിലും നേതൃത്വപരമായ ചുമതല വഹിച്ചിരുന്നു. 1972 മാര്‍ച്ച് 5 ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയില്‍ പി മുഹമ്മദ്-ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകനായാണ് ജനനം. എഎല്‍പി സ്‌കൂള്‍ കൂറ്റമ്പാറ, പിഎംഎസ്എ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. നിലമ്പൂര്‍ മാനവേദന്‍ ഹൈസ്‌കൂള്‍ നിന്നു സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ശാന്തപുരം ഇസ് ലാമിയ കോളജിലാണ് ഉപരിപഠനം. അറബി ഭാഷാ പഠനത്തില്‍ ബിരുദം നേടി.
പറപ്പൂര്‍ ഇസ് ലാമിയ കോളജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചു. കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോല കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയപാത വികസനം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം, ചെങ്ങറ സമര തുടങ്ങി ഒട്ടേറെ സമരങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു. പെരിന്തല്‍മണ്ണ പൂപ്പലം സ്വദേശിനി ജസീലയാണ്യാണ് ഭാര്യ. മക്കള്‍: അമല്‍ റഹ്മാന്‍, അമാന വര്‍ദ, അശ്ഫാഖ് അഹ്മദ്, അമീന അഫ്‌റിന.