പാലക്കാട്ട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍ 45 ലക്ഷത്തിന്റെ തട്ടിപ്പ്; രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

Update: 2021-08-19 12:51 GMT

പാലക്കാട്: കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള പാലക്കാട്ടെ കാര്‍ഷിക സഹകരണ സംഘത്തിലും വന്‍ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂര്‍ പഞ്ചായത്ത് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണസംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോണററി സെക്രട്ടറി വി കെ ജനാര്‍ദനനെയും ജീവനക്കാരനായ മണികണ്ഠനെയും സസ്‌പെന്റ് ചെയ്തു. നേരത്തെ സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയത്. കൃത്യമായ വിവരങ്ങളില്ലാതെയാണ് ഇവിടെനിന്ന് പലര്‍ക്കും വായ്പ നല്‍കിയതെന്ന് പരിശോധനയില്‍ വ്യക്തമായി.

വായ്പയെടുത്തവരുടെ ഒപ്പ് പോലും രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. സാമ്പത്തിക ക്രമക്കേടില്‍ സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സഹകരണസംഘം ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം, നിലവിലെ ഭരണസമിതിക്ക് യാതൊരു സാമ്പത്തിക നഷ്ടവുമില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ജീവനക്കാര്‍ അവരവരുടെ പേപ്പര്‍ വര്‍ക്ക് ചെയ്തില്ലെന്നും അതാണ് ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടും നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ജൂലൈ 17നാണ് ഇരിങ്ങാലക്കുട പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ (58), മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് (43), ബാങ്ക് അംഗം കിരണ്‍ (31), ബാങ്കിന്റെ മുന്‍ റബ്‌കോ കമ്മീഷന്‍ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് കേസിലെ ആറ് പ്രതികള്‍.

Tags:    

Similar News