സുബൈറിന്റെ കൊലപാതകം: ആര്‍എസ്എസ് സംഘം രക്ഷപ്പെടാനുപയോഗിച്ച കാര്‍ കണ്ടെത്തി

Update: 2022-04-16 04:01 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘം സഞ്ചരിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോടുനിന്ന് കാര്‍ കണ്ടെത്തിയത്. KL 9 AQ 7901 മാരുതി അള്‍ട്ടോ കാറാണ് കണ്ടെത്തിയത്. കാറില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. കൃപേഷ് എന്ന വ്യക്തിയുടെ കാറാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കാര്‍ കണ്ടതെന്ന് സമീപത്തെ കടയുടമ പറഞ്ഞു. ആരുമെത്താത്തതിനാല്‍ രാത്രി ഒമ്പതുമണിയോടെ പോലിസിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു. കാറിന് രാത്രി പോലിസ് കാവലേര്‍പ്പെടുത്തിയെന്നും കടയുടമ പറഞ്ഞു.

സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യയും അച്ഛനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍ പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ മുമ്പ് കാര്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തുവെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം കാര്‍ വാങ്ങാന്‍ പോയിട്ടില്ല. ആരാണ് ഇപ്പോള്‍ അതുപയോഗിക്കുന്നത് എന്നറിയില്ല.

സുബൈറിന്റെ കൊലയാളികള്‍ വന്നത് ഈ കാറിലെന്ന് അറിഞ്ഞത് വാര്‍ത്തയില്‍ കൂടിയാണെന്നും കുടുംബം പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് സുബൈറിനെ രണ്ട് കാറുകളിലായെത്തിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് രാവിലെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കും.

Tags:    

Similar News