മാരകായുധങ്ങളുമായി ബ്രണ്ണന്‍ കോളജിലെത്തിയ ആര്‍എസ്എസ് സംഘം അറസ്റ്റില്‍
കണ്ണവം സ്വദേശികളായ പി വിശാഖ് (27), പി വി ശ്രീനിഷ് (30), വി സനീഷ് (32), എന്‍ നിഖില്‍ (25), പി ലിജില്‍ (30), ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്
കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘത്തെ പോലിസ് അറസ്റ്റുചെയ്തു. രണ്ട് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ള സംഘത്തെയാണ് ധര്‍മടം പോലിസ് അറസ്റ്റുചെയ്തത്. കണ്ണവം സ്വദേശികളായ പി വിശാഖ് (27), പി വി ശ്രീനിഷ് (30), വി സനീഷ് (32), എന്‍ നിഖില്‍ (25), പി ലിജില്‍ (30), ഒ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കാനാണ് കോളജിലെത്തിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കാംപസില്‍ കയറി ഭീഷണി മുഴക്കിയ ഇവരെ വിദ്യാര്‍ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ധര്‍മടം പോലിസ് സ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെത്തിയ കാറില്‍നിന്ന് ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലാണ് വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തിയത്. കോളജ് പ്രിന്‍സിപ്പലിന് നേരേ വധഭീഷണി മുഴക്കിയതിന് പിന്നാലെയാണ് സംഘം ആയുധവുമായി പിടിയിലായത്. ആയുധ നിയമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കേസെടുത്തിരിക്കുന്നത്.