കാര്യവട്ടം കാംപസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

Update: 2024-02-29 09:13 GMT

തിരുവനന്തപുരം: കാര്യവട്ടം സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാവാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നു തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്ഥികൂടം ഫോറന്‍സിക് സംഘം പരിശോധിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് കാംപസിലെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടര്‍ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്ഥി കഷണങ്ങള്‍ ടാങ്കിനുള്ളില്‍ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാന്റും ഷാര്‍ട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. പുരുഷന്റെ ശരീരാവശിഷ്ടങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളില്‍ കയറി തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരുക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള കാംപസിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുകയും ഡിഎന്‍എ സാപിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പോലിസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Tags:    

Similar News