തലശ്ശേരി കോടതിയിലെ ശാരീരിക അസ്വാസ്ഥ്യം; സ്രവ പരിശോധനയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു
കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയില്‍ ന്യായാധിപര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക്ക വൈറസ് കാരണമാണെന്ന് സ്ഥിരീകരണം. അസുഖബാധിതരില്‍നിന്നു ശേഖരിച്ച രക്തവും സ്രവവും വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചത്. അഡീഷനല്‍ ജില്ലാ കോടതി (മൂന്ന്), അഡീഷനല്‍ ജില്ലാ കോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് രോഗം പിടിപ്പെട്ടത്. രണ്ട് ന്യായാധിപരില്‍ ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവര്‍ക്ക് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അവസ്ഥയുമുണ്ട്. രോഗ വ്യാപനത്താല്‍ മൂന്ന് കോടതികളിലെയും ദൈനം ദിന പ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തടസ്സപ്പെട്ടിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നത മെഡിക്കല്‍ സംഘം വ്യാഴാഴ്ച വൈകീട്ട് ജില്ലാ കോടതിയിലെത്തി പരിശോധനയും നടത്തിയിരുന്നു. ചൊറിച്ചല്‍, കൈകാല്‍ സന്ധി വേദന, കണ്ണിന് കഠിനമായ നീറ്റല്‍ എന്നീ പ്രയാസങ്ങളാണ് പലരും അനുഭവിക്കുന്നത്. കൊതുകില്‍ നിന്നാണ് രോഗം ഉല്‍ഭവിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് കോടതിവളപ്പില്‍ വെള്ളിയാഴ്ച കൊതുക് നശീകരണം നടത്തുകയും സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.