കോഴിക്കോട് സിക വൈറസ് സ്ഥിരീകരിച്ചു; രോഗം ബംഗളൂരുവില്‍നിന്നെത്തിയ യുവതിക്ക്

നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍ എത്തിയത്. വയറുവേദന ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Update: 2021-11-26 03:30 GMT

കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂര്‍ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നിലിവല്‍ ആശുപത്രി വിട്ടു.

നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍ എത്തിയത്. വയറുവേദന ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ വൈറസ് സാന്നിധ്യം സംശയിച്ചതോടെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചപ്പോള്‍ സിക ബാധ സ്ഥിരീകരിച്ചു.

ഒരു മണിക്കൂര്‍ മാത്രമാണ് ഇവര്‍ ആശുപത്രിയില്‍ ഉണ്ടായത്. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ആശുപത്രിയില്‍ ഇവര്‍ എത്തിയ ഇടം അണുമുക്തമാക്കി. വീട്ടിലെ കുടുംബാംഗങ്ങള്‍ക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ വൈറസ് ബാധ ഉണ്ടായിട്ടില്ല.

കൊതുകുകളിലൂടെ പകരുന്ന ഫഌവിവൈറസാണ് സിക വൈറസ്. ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തുന്നത്. 1952 ല്‍ മനുഷ്യരിലും കണ്ടെത്തി. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Tags:    

Similar News